കൊച്ചി: അടിമാലിയിലെ ഇരുപതേക്കറിൽ വൈദ്യുതി മന്ത്രി എം.എം.മണി നടത്തിയ വിവാദ പ്രസംഗം ഗൗരവകരമാണെന്ന് ഹൈക്കോടതി. മണിക്കെതിരായ പരാതിയിൽ സർക്കാർ എന്ത് നടപടി എടുത്തുവെന്ന് കോടതി ചോദിച്ചു.
പരാതിയിൽ ഉന്നയിച്ചിരിക്കുന്നത് ഗുരുതരമായ ആരോപണങ്ങളാണ്. ഇടുക്കി എസ്പിയും ഡിജിപിയും വിശദീകരണം നൽകണം. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കാനും കോടതി നിർദേശിച്ചു. ഇവിടെ എന്താണ് നടക്കുന്നതെന്നും ഡിജിപി ഇതൊന്നും കാണുന്നില്ലേയെന്നും കോടതി ചോദിച്ചു.
അതേസമയം, സ്ത്രീകളെ കുറിച്ച് മണി മോശമായി സംസാരിച്ചിട്ടില്ലെന്ന് സർക്കാർ കോടതിയിൽ മറുപടി നൽകി. മാധ്യമപ്രവർത്തകരെയാണ് മണി ഉദ്ദേശിച്ചതെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ മാധ്യമപ്രവർത്തകരെ എന്തും പറയാമെന്നാണോ എന്നും കോടതി ചോദിച്ചു.