ന്യൂഡൽഹി: പൊമ്പിള ഒരുമൈയ്ക്കെതിരായ മന്ത്രി എം.എം.മണിയുടെ വിവാദ പരാമർശം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്. സമാജ്വാദി പാർട്ടി എംപി അസംഖാന്റെ കേസിനൊപ്പമാണ് മണിയുടെ കേസ് പരിഗണിക്കുന്നത്. മന്ത്രി എന്നത് ഭരണഘടനാ പദവിയാണെന്നും ആ പദവിയിൽ ഇരുന്നുകൊണ്ട് സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചു എന്ന കേസ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതായിരിക്കും ഉചിതമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഈ തീരുമാനത്തിലെത്തിയത്.
പൊമ്പിള ഒരുമൈ പ്രവർത്തകർ നൽകിയ ഹർജി പരിഗണിച്ചു കൊണ്ടാണ് കോടതി കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടത്. കുഞ്ചിത്തണ്ണിയിൽ നടന്ന പൊതുയോഗത്തിനിടെയായിരുന്നു മണി പൊമ്പിള ഒരുമൈയ്ക്കെതിരെ വിവാദ പരാമർശം നടത്തിയത്. ഇതിനെതിരെ പൊമ്പിള ഒരുമൈ പ്രവർത്തകർ സമരം നടത്തിയെങ്കിലും മാപ്പ് പറയാൻ മണി തയാറായിരുന്നില്ല.