കോട്ടയം: പ്രധാന പരിപാടികൾക്കു നിശ്ചയിച്ച സമയത്തിന് എത്തണമെങ്കിൽ പൈലറ്റ് വാഹനങ്ങൾ വേഗത്തിലെത്തണമെന്നു മന്ത്രി എം.എം. മണി. ഇന്നലെ കോട്ടയം സുമംഗലി ഓഡിറ്റോറിയത്തിൽ നടന്ന പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനായി കൃത്യസമയത്ത് എത്താൻ കഴിയാത്തതിന്റെ കാരണമായാണ് എം.എം. മണി പൈലറ്റ് വാഹനത്തിന്റെ കാര്യം പറഞ്ഞത്.
രാവിലെ 11ന് തുടങ്ങിയ സമ്മേളനത്തിൽ പങ്കെടുക്കാൻ മന്ത്രി ഉച്ചകഴിഞ്ഞ് ഒന്നിനാണെത്തിയത്. താമസിച്ചെത്തിയതിനു ക്ഷമാപണം നടത്തിയ മന്ത്രി, കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരേ പതിവു ശൈലിയിൽത്തന്നെ ആഞ്ഞടിച്ചു. നോട്ടു നിരോധനത്തിൽ നിന്നും ജിഎസ്ടി തുടങ്ങിയ കേന്ദ്രസർക്കാർ പദ്ധതികളിൽനിന്ന് ഇതുവരെ കരകയറാൻ സാധിച്ചിട്ടില്ല.
തട്ടിപ്പിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ് മോദി സർക്കാർ. പ്രമുഖരുടെ ലോണുകൾ എഴുതിത്തള്ളാനാണ് ആവേശം. മോദിക്കെതിരേ മലയാള ഭാഷയിൽ താൻ മറുപടി പറഞ്ഞാൽ അശ്ലീലമായി പോകുമെന്നും സ്ഥിരം ശൈലിയിൽ മന്ത്രി തുറന്നടിച്ചു.