വനം നഷ്ടമാകുമെന്നു കരുതി അതിരപ്പിള്ളി പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം. എം മണി. വനം നഷ്ടപ്പെടുമെന്ന തരത്തില്‍ വരുന്ന പരാതികളില്‍ കഴമ്പില്ലെന്നും മണി വ്യക്തമാക്കി. വനത്തിനേക്കാള് പ്രധാനം വൈദ്യുതിയാണെന്നും സമവായത്തിലൂടെ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
അതിരപ്പിള്ളി വൈദ്യുതിപദ്ധതിയ്ക്കെതിരാണെന്ന് നിയമസഭയില്‍ കോണ്‍ഗ്രസ് പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു മണി. മുന്നണിയ്ക്കകത്തു തന്നെ എതിരഭിപ്രായം ഉണ്ടാവുന്നുണ്ടെന്നും സമവായത്തിലൂടെ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുമെന്നും പറഞ്ഞ മണി പദ്ധതി അടിച്ചേല്‍പ്പിക്കില്ലെന്നും മണി തൃശ്ശൂരില്‍ വ്യക്തമാക്കി. അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കണമെന്നാണ് തന്റെയും സിപിഎമ്മിന്റെയും ആഗ്രഹമെന്നു പറഞ്ഞ മണി മുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ പുനര്‍വിചിന്തനം ചെയ്യണമെന്നും മണി പറയുന്നു.