ഇടുക്കി: എ.കെ. ആന്റണിക്ക് മറുപടിയുമായി മന്ത്രി എം.എം. മണി. എൽഡിഎഫ് വീണ്ടും അധികാരത്തിൽ വന്നാൽ സർവനാശമുണ്ടാവുക കോണ്‍ഗ്രസിനാണെന്ന് മണി പറഞ്ഞു.
കോവിഡ് കാലത്ത് ആന്റണി എവിടെയായിരുന്നു. പിണറായി വിജയന്റെ പാദസേവ ചെയ്യുകയാണ് ആന്റണി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സുകുമാരൻ നായരെയും മന്ത്രി വിമർശിച്ചു. കേരളത്തിലെ നായന്മാരുടെ വിതരണാവകാശം സുകുമാരൻ നായർക്കല്ല. ചുരുക്കം ചിലരേ സുകുമാരൻ നായരുടെ വാക്ക് കേൾക്കുകയുള്ളുവെന്നും എം.എം. മണി കൂട്ടിച്ചേർത്തു.
എൽഡിഎഫിനു തുടർഭരണമല്ല, രാഷ്ട്രീയ വനവാസമാണു ലഭിക്കാൻ പോകുന്നതെന്നു കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗവും മുതിർന്ന നേതാവുമായ എ.കെ. ആന്റണി പറഞ്ഞത്.
തുടർഭരണമുണ്ടായാൽ അതു കേരളത്തിൽ നാശം വിതയ്ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അഹങ്കാരവും പിടിവാശിയും ആഡംബരവും ധൂർത്തും സർവത്ര അഴിമതിയുമായിരുന്നു അഞ്ചു വർഷത്തെ പിണറായി സർക്കാരിന്റെ മുഖമുദ്ര.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മുഖ്യമന്ത്രിയുടെ ഉൾപ്പെടെ ഭാഷയ്ക്കും സ്വരത്തിനും വലിയ മാറ്റമാണു കാണുന്നത്. മന്ത്രിമാരും മര്യാദരാമന്മാരായി. ഇതെല്ലാം അടവു മാത്രമാണ്.
ശബരിമല വിഷയത്തിൽ കോടതി വിധി വരുന്പോൾ എല്ലാവരുമായി ചർച്ച ചെയ്തു മാത്രമേ തീരുമാനമെടുക്കൂ എന്നാണു മുഖ്യമന്ത്രി പറയുന്നത്.
ഈ നിലപാടു നേരത്തെ എടുത്തിരുന്നെങ്കിൽ കേരളത്തിനു നാശമുണ്ടാകുമായിരുന്നോ?
ഷുഹൈബിനെയും കൃപേഷിനെയും ശരത്ലാലിനെയും ക്രൂരമായി കൊലപ്പെടുത്തിയവരെ സംരക്ഷിക്കാൻ പോലീസ് ശ്രമിച്ചപ്പോൾ ഗത്യന്തരമില്ലാതെയാണ് അവരുടെ കുടുംബം സിബിഐ അന്വേഷണത്തിന് ആവശ്യപ്പെട്ടത്.
സിബിഐ അന്വേഷണം തടയാൻ കോടിക്കണക്കിനു രൂപ ചെലവഴിച്ചാണ് ഡൽഹിയിൽ നിന്നു സർക്കാർ അഭിഭാഷകരെ കൊണ്ടുവന്നത്. ഇതു ജനങ്ങൾ മറക്കില്ലെന്നും ആന്റണി പറഞ്ഞു.