ചാലക്കുടി: അതിരപ്പിള്ളി പദ്ധതിക്കുവേണ്ടി പ്രക്ഷോഭം നടത്ത ണ മെന്നു വൈദ്യുതി മന്ത്രി എം.എം.മണി.ചാലക്കുടിയിൽ 220 കെ.വി. സബ് സ്റ്റേഷന്റെ നിർമാണോദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി വേണം, പദ്ധതി വേണ്ട എന്ന നിലപാട് ശരിയല്ലെന്നു അദ്ദേഹം പറഞ്ഞു.
അതിരപ്പിള്ളി പദ്ധതിയെ സംബന്ധിച്ച് എല്ലാവരുംകൂടി മനസുവയ്ക്കണം. എന്റെയും ബോർഡിന്റെയും അഭിപ്രായമാണ്. ഗവ. തീരുമാനിക്കണം. ഗവണ്മെന്റ് തീരുമാനമുണ്ടായിട്ടില്ല. ഭരണപക്ഷത്തും പ്രതിപക്ഷത്തും ഇതുസംബന്ധിച്ച് അഭിപ്രായവ്യത്യാസമുണ്ട്. പ്രളയം മനുഷ്യസൃഷ്ടിയാണെന്നും ഡാം ഒറ്റയടിക്കു തുറന്നതാണു കാരണമെന്നും ബോർഡിന്റെ ലാഭക്കൊതിയാണ് കാരണമെന്നുമുള്ള പ്രചാരണം ശരിയല്ലെന്നു. അദ്ദേഹം പറഞ്ഞു.
850 കോടി രൂപയാണ് കെഎസ്ഇബിക്കു പ്രളയത്തിൽ നഷ്ടമായത്. കേരളത്തിൽ ഒരു കോടി 26 ലക്ഷം കണക്്ഷനുണ്ട്. പുതിയ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ജലവൈദ്യുതി പദ്ധതികളും ചെറുകിട പദ്ധതികളും പ്രശ്നത്തിലാണ്. പുതിയ വൈദ്യുതി മേഖല കണ്ടെത്തണം. ഇതിനു 1000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സോളാർ കൂടി നടപ്പിലാക്കാൻ സർക്കാർ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി രണ്ടാംഘട്ടം കൂടി ആലോചിക്കുന്നുണ്ട്. ഒരു പവർഹൗസ് കൂടി ഇടുക്കിയിൽ നിർമിക്കും. പകൽ സോളാർ വഴിയുള്ള വൈദ്യുതി വിതരണവും രാത്രി ജലസേചന പദ്ധതികൾ വഴിയുള്ള വൈദ്യുതി വിതരണമാണ് ലക്ഷ്യമിടുന്നതെന്നു അദ്ദേഹം പറഞ്ഞു. വൈദ്യുതി ബോർഡ് 7000 കോടി രൂപയുടെ കടബാധ്യതയിലാണ്. പണം കടമെടുത്താണ് എല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്. കരന്റുകട്ടില്ലാതെ വൈദ്യുതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ബി.ഡി.ദേവസി എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഷീജു, പഞ്ചായത്ത് പ്രസിഡന്റുമാരായ ജെനീഷ് പി. ജോസ്, ഉഷാ ശശിധരൻ, പി.പി.ബാബു, തോമസ് ഐ. കണ്ണത്ത്, നഗരസഭാ വൈസ് ചെയർമാൻ വിൻസന്റ് പാണാട്ടുപറന്പിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു വാഴക്കാല, മുനിസിപ്പൽ കൗണ്‍സിലർമാരായ ഉഷ സ്റ്റാൻലിൻ, യു.വി.മാർട്ടിൻ, രാഷ്ട്രീയകക്ഷി നേതാക്കളായ ടി.എ.ജോണി, എം.സി.ആഗസ്തി എന്നിവർ പ്രസംഗിച്ചു.
ചീഫ് എൻജിനീയർ ഡോ. പി.രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രാൻസ്മിഷൻ ഡയറക്ടർ പി.വിജയകുമാരി സ്വാഗതവും ഡെപ്യൂട്ടി ചീഫ് എൻജിനീയർ പി.ബി.സിദ്ധാർഥൻ നന്ദിയും പറഞ്ഞു.