തൃശൂർ: ഉപഭോക്താക്കളുടെ പരാതികൾ ക്രിയാത്മകമായി പരിഹരിക്കാൻ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പുലർത്തണമെന്നു മന്ത്രി എം.എം. മണി പറഞ്ഞു. തൃശൂർ എലൈറ്റ് ഹോട്ടലിൽ കെഎസ്ഇബി വിതരണ മേഖലാ ജീവനക്കാരുടെ അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഉപഭോക്താക്കളുടെ പരാതികളോടും ന്യായമായ ആവശ്യങ്ങളോടും മുഖംതിരിക്കുന്ന സമീപനം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. കറന്റ് പോയാൽ ഇലക്ട്രിസിറ്റി ഓഫീസിൽ വിളിച്ചാൽ ഫോണ് എടുക്കാത്ത അവസ്ഥ ഉണ്ടാകരുത്. പരാതി പരിഹരിക്കുന്ന കാര്യത്തിൽ കൂടുതൽ കാര്യക്ഷമത ഉദ്യോഗസ്ഥർ കാട്ടണം.
സന്പൂർണ വൈദ്യുതീകരണത്തിന്റെ കാര്യത്തിൽ അഭിമാന നേട്ടം കൈവരിക്കുന്പോഴും മികച്ച സേവനം നൽകുന്ന കാര്യത്തിൽ ഇനിയും പുരോഗമിക്കണം. മികച്ച സേവനം നടത്തുന്നവരെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കും. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകും.
നടത്തിവരുന്ന പല പദ്ധതികളും ഇടയ്ക്കു നിർത്തിവയ്ക്കുന്നതു കോടിക്കണക്കിനു രൂപയുടെ ബാധ്യത വരുത്തുകയാണെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരായ പി. കുമാരൻ, പ്രസാദ് മാത്യു, എം.വി. ജോസ് എന്നിവർ അവലോകന യോഗത്തിന് നേതൃത്വം നൽകി.