കോട്ടയം: തലയ്ക്ക് ഗുരുതര പരിക്കേറ്റ് ഇന്നലെ രാത്രിയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടുന്പുംചോല പൊത്തൻകാട് മുണ്ടക്കൽ എം.എം. സനകൻ (56) ഇന്നു പുലർച്ച മരിച്ചു.
വൈദ്യുതി മന്ത്രി എം.എം മണിയുടെ സഹോദരനാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. സംസ്കാരം ഇന്നു വൈകുന്നേരം നാലിനു നടക്കും. സഹോദരന്റെ മരണ വിവരം അറിഞ്ഞ് മന്ത്രി എം.എം. മണി ഇന്നു പുലർച്ചെ മെഡിക്കൽ കോളജിൽ എത്തി.
ഇന്നലെ രാത്രി 10 മണിയോടെയാണ് സനകനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച വൈകുന്നേരം വെള്ളത്തൂവലിനു സമീപം കുത്തുപാറയിൽ വഴിയരികിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് പോലീസ് എത്തി ആദ്യം അടിമാലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട് വിദഗ്ധ ചികിത്സയ്ക്കായാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് മരണം സംഭവിച്ചത്. സനകനും ഭാര്യയും കുഞ്ചിത്തണ്ണിക്ക് സമീപം പത്താം മൈലിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഇരുവരും വെള്ളിയാഴ്ച പത്താം മൈലിൽ നിന്ന് കുഞ്ചിത്തണ്ണിക്ക് വരും വഴി അടിമാലിയിൽ ഒരു ചായക്കടയിൽ കയറി. അവിടെ നിന്ന് പുറത്തേക്കിറങ്ങിയ സനകനെ കാണാതാവുകയായിരുന്നു.
തലയ്ക്കേറ്റ പരിക്ക് വാഹനം ഇടിച്ചതാണോ, അതോ വീണു പരിക്കേറ്റതാണോ എന്നു വ്യക്തമല്ല. വെള്ളത്തൂവൽ പോലീസ് ഇന്നു രാവിലെ മെഡിക്കൽ കോളജിലെത്തി ഇൻക്വസറ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. സംഭവത്തെക്കുറിച്ച് പോലീസിന്റെ പക്കൽ കൂടുതൽ വിവരങ്ങളില്ല എന്നാണ് വെള്ളത്തൂവൽ എസ്ഐയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ലഭിച്ച വിവരം.
ഭാര്യ: സുഭദ്ര. മക്കൾ: റ്റിന്റു, അശ്വതി (മലപ്പുറം ഗവണ്മെന്റ് കോളജ് അധ്യാപിക). മരുമകൻ: രതീഷ്. സഹോദരങ്ങൾ: മന്ത്രി എം.എം.മണി, എം.എം.സുമതി, ലംബോധരൻ, ശാരദ, പരേതരായ എം.എം.ഗോവിന്ദൻ, എം.എം.വിശ്വംഭരൻ, എം.എം.സൗദാമിനി.