വൈദ്യുതി മന്ത്രി എം.എം. മണിയുടെ മേലുള്ള കുരുക്ക് മുറുകുന്നു. മണിയുടെ സഹോദരന് ലംബോധരന് കോടികളുടെ ആസ്തിയുണ്ടെന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലംബോധരനും കുടുംബത്തിനും പുലരി പ്ലാന്റേഷന്‍സ് എന്ന കമ്പനിയില്‍ നിക്ഷേപമുണ്ടെന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്നത് മലയാളത്തിലെ ഒരു പ്രമുഖ ചാനലാണ്. ഈ വാര്‍ത്ത പുറത്തുവന്നതോടെ മണി കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.
പുലരി പ്ലാന്റേഷന്‍സ് എന്ന കമ്പനിയിലാണ് ലംബോധരന്റെ കുടുംബത്തിന് 15 കോടിയുടെ നിക്ഷേപമുള്ളത്. ലംബോധരന്റെ മകന് ലജീഷാണ് കമ്പനി എംഡി. ലംബോധരന്റെ ഭാര്യ സരോജിനി കമ്പനിയുടെ ഡയറക്ടറുമാണ്. കമ്പനി ഏല ലേലത്തിനായി സ്പൈസസ് ബോര്‍ഡില്‍ നല്കിയ അപേക്ഷയുടെ പകര്‍പ്പും പുറത്തുവന്നിട്ടുണ്ട്. 15 കോടിയുടെ നിക്ഷേപം ഇരുവര്‍ക്കും പുലരി പ്ലാന്റേഷനുണ്ടെന്നാണ് അപേക്ഷയില്‍ വിശദമാക്കിയിരിക്കുന്നത്.
ലജീഷിനേയും സരോജിനിയേയും കൂടാത എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുമുള്ളവര്‍ക്കും കമ്പനിയില്‍ പങ്കാളിത്തമുണ്ട്. ഇവര്‍ അഡീഷണല്‍ ഡയറക്ടര്‍മാരാണ്. മേല്‍വിലാസം വ്യക്തമാക്കാത്ത ഡയറക്ടര്‍മാരും കമ്പനിക്കുണ്ട്. കമ്പനിക്ക് മൂന്നു കോടി രൂപ വിലവരുന്ന ഭൂമിയുമുണ്ടെന്ന് അപേക്ഷയില്‍ പറയുന്നു. 2002 ഡിസംബറിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്യുന്നത്. സിപിഎം രാജാക്കാട് മുന്‍ ഏരിയ സെക്രട്ടറിയാണ് ലംബോധരന്. ഭൂമി കൈയേറിയതിന് ലംബോധരനും മകനുമെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്.