ഇടുക്കി: ചിന്നക്കനാല്‍ വില്ലേജിലെ 364.39 ഹെക്ടര്‍ സ്ഥലം റിസര്‍വ് വനമായി പ്രഖ്യാപിച്ചതിനെതിരേ രൂക്ഷവിമര്‍ശനവുമായി മുൻ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം.എം.മണി. ഒരു വിജ്ഞാപനവും അംഗീകരിക്കില്ലെന്ന് മണി പറഞ്ഞു.
സൂര്യനെല്ലി ഫോറസ്റ്റ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വിജ്ഞാപനവും അംഗീകരിക്കില്ല. അത് മടക്കി പോക്കറ്റില്‍ വച്ചാല്‍ മതിയെന്ന് മണി പ്രതികരിച്ചു.
വിജ്ഞാപനം പിന്‍വലിക്കണം, നടപടികളുമായി മുന്നോട്ട് പോയാല്‍ ജനങ്ങള്‍ നേരിടും. ഇക്കാര്യത്തില്‍ എല്ലാ കക്ഷികളും ഒറ്റക്കെട്ടാണ്. സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്തും. അവിടെ താമസിക്കുന്നവര്‍ അവിടെ തന്നെ താമസിക്കും.
അത് തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ക്രമസമാധാന നില തകരുന്നതാവും ഫലം. വനംവകുപ്പ് ഇറങ്ങി നടക്കണോ എന്ന് നാട്ടുകാര്‍ തീരുമാനിക്കും.
നവകേരള സദസിന് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിനു മുമ്പ് വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മണി കൂട്ടിച്ചേര്‍ത്തു.