മണി കുരുങ്ങി… അഞ്ചേരി ബേബി വധക്കേസില്‍ മണി നല്‍കിയ വിടുതല്‍ ഹര്‍ജി തള്ളി; കേസില്‍ മണി രണ്ടാം പ്രതിയായി തുടരുമെന്ന് കോടതി

mmmaniതൊടുപുഴ : അഞ്ചേരി ബേബി വധക്കേസില്‍ വൈദ്യുതി മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.എം.മണി പ്രതിയായി തുടരും. മണി നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി. തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. കേസില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍, എ.കെ. ദാമോദരന്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന്‍ ആവശ്യം ശരിവച്ചാണ് കോടതി കേസില്‍ ഇവരെയും പ്രതി ചേര്‍ത്തത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഞ്ചേരി ബേബിയെ മണി ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചനക്കൊടുവില്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ മണി രണ്ടാം പ്രതിയാണ്. പാമ്പുപാറ കുട്ടന്‍, ഒ.ജി. മദനന്‍ എന്നിവരാണ് കേസിലെ ഒന്നും മൂന്നും പ്രതികള്‍.

1982–ലാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. അന്ന് പോലീസ് ഒമ്പതു പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും 1988–ല്‍ ഇവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിടുകയായിരുന്നു. ഹൈക്കോടതിയും ഈ വിധി ശരിവച്ചു.

എന്നാല്‍ 2012 മേയ് 25ന് തൊടുപുഴ മണക്കാട്ട് മണി നടത്തിയ പ്രസംഗത്തില്‍ രാഷ്ട്രീയ എതിരാളികളെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയതായി വെളിപ്പെടുത്തിതോടെയാണ് കേസ് വീണ്ടും ശ്രദ്ധേയമായത്. ഇതേത്തുടര്‍ന്നാണ് ഡിവൈഎസ്പി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസെടുത്തതും മണിയെ അറസ്റ്റ് ചെയ്തതും. ഈ കേസില്‍ കുറ്റവിമുക്തരാക്കണമെന്ന പ്രതികളുടെ അപേക്ഷയിലാണ് ഇന്ന് വിധിയുണ്ടായത്.

Related posts