ഇടുക്കി: സംസ്ഥാനത്ത് സിപിഎമ്മും സിപിഐയും തമ്മിൽ പ്രശ്നങ്ങൾ ഇല്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയിക്കുന്നതിന്റെ ഭാഗമായി മൂന്നാർ സന്ദർശിക്കുന്നതിന് എത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മൂന്നാറിലെ സിപിഎം നേതാക്കൾക്കെതിരേ സിപിഐ പ്രവർത്തകർ ഞായറാഴ്ച പ്രകടനം നടത്തിയതിനു പിന്നാലെയാണ് മണിയുടെ പ്രതികരണം. മന്ത്രി എം.എം.മണിയും എസ്. രാജേന്ദ്രൻ എംഎൽഎയും കൈയേറ്റക്കാരാണെന്ന് മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു സിപിഐ പ്രവർത്തകരുടെ പ്രകടനം.
സിപിഎമ്മിനെതിരേ ശബ്ദമുയർത്തുന്ന സിപിഐ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുകയാണെന്നും സിപിഐ ആരോപിച്ചിരുന്നു.