തിരുവനന്തപുരം: കേരളത്തിൽ വലിയ ഡാമുകളൊന്നും തുറന്നു വിടേണ്ട സാഹചര്യമില്ലെന്നു വൈദ്യുതി മന്ത്രി എം.എം. മണി. ഡാമുകൾ തുറന്നു വിടുന്നത് സംബന്ധിച്ച് ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ വിലയിരുത്താനായി ഉച്ചയ്ക്ക് വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അതി തീവ്ര മഴയുടെ സാഹചര്യത്തിൽ പെരിയാർ, വളപട്ടണം, കുതിരപ്പുഴ, കുറുമൻപുഴ തുടങ്ങിയ പുഴകളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതായി കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ് സംവിധാനത്തിൽനിന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.