കോട്ടയം: കോട്ടയം ഇനി കേരളത്തിലെ സന്പൂർണ വൈദ്യുതീകരണ ജില്ലകളിലൊന്ന്. കോട്ടയത്തെ സന്പൂർണ വൈദ്യുതീകരണ ജില്ലയായി ഇന്നലെ വൈദ്യുതി മന്ത്രി എം.എം. മണി പ്രഖ്യാപിച്ചു. ജലവൈദ്യുതിയാണ് ഏറ്റവും ലാഭകരമെന്ന അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ജലവൈദ്യുതി അല്ലാതെ മറ്റ് മാർഗങ്ങളിൽ ഉണ്ടാക്കുന്ന വൈദ്യുതിക്ക് വലിയ ചെലവുണ്ടാകും. വൻകിട പദ്ധതികൾക്ക് കേരളത്തിൽ ഇനി സാധ്യത ഇല്ല. ആതിരപ്പള്ളി പദ്ധതിക്കു സമവായം ഉണ്ടായാൽ മാത്രമേ നടക്കൂ. ഇതിനെക്കുറിച്ച് ചർച്ചയും സംവാദവും ഉണ്ടാകട്ടെ.
അഭിപ്രായ സമന്വയം ഉണ്ടായാൽ പ്രയോജനകരമാകുമെന്നും മന്ത്രി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എംപിമാരായ ജോസ് കെ. മാണി, ജോയി ഏബ്രഹാം, മോൻസ് ജോസഫ് എംഎൽഎ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലിൽ, കോട്ടയം നഗരസഭാ ചെയർപേഴ്സണ്‍ ഡോ. പി.ആർ. സോന, കൗണ്‍സിലർ എസ്. ഗോപകുമാർ, വി.എൻ. വാസവൻ, സി.കെ.ശശിധരൻ, ടി.വി. ബേബി, കെഎസ്ഇബി ചീഫ് എൻജിനിയർ ജി. മോഹനനാഥപണിക്കർ, ഡിസ്ട്രിബ്യൂഷൻ സേഫ്റ്റി ആൻഡ് ജനറൽ ഇലക്ട്രിക്കൽ ഡയറക്ടർ എൻ. വേണുഗോപാൽ, ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഉഷാ വർഗീസ് എന്നിവർ പ്രസംഗിച്ചു.
മെഡിക്കൽ കോളജിലെ വൈദ്യുതി കണക്ഷൻ തകരാറായപ്പോൾ യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കി വൈദ്യുതി പുനഃസ്ഥാപിച്ച ജീവനക്കാരെയും സന്പൂർണ വൈദ്യുതീകരണത്തിന് വീടുകൾക്ക് സൗജന്യമായി വയറിംഗ് നടത്തിയ സ്ഥാപനങ്ങളെയും വ്യക്തികളെയും സമ്മേളനത്തിൽ മന്ത്രി ഉപഹാരം നൽകി ആദരിച്ചു.