കഴിഞ്ഞ വര്‍ഷത്തേതുപോലെ ഇത്തവണ സംഭവിക്കില്ല! മഴയ്ക്ക് മുമ്പുതന്നെ കൃത്യസമയത്ത് ഡാമുകള്‍ തുറക്കാനും അടയ്ക്കാനും സാധിക്കുന്ന വിധത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി വൈദ്യുതി മന്ത്രി എം. എം. മണി

അശാസ്ത്രീയമായി ഡാമുകള്‍ തുറന്നു വിട്ടതാണ് കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ പ്രളയമുണ്ടാകാനുള്ള കാരണമെന്ന് വ്യക്തമായിരുന്നു. സര്‍ക്കാരും പ്രത്യേകിച്ച് മന്ത്രി എം. എം. മണിയും പ്രസ്തുത വിഷയത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

എന്നാല്‍ ഇക്കൊല്ലവും സംസ്ഥാനത്ത് കാലവര്‍ഷം കനക്കുമെന്ന മുന്നറിയിപ്പിനു പിന്നാലെ അണക്കെട്ടുകളുടെ സുരക്ഷയ്ക്ക് ആവശ്യമായ മുന്‍കരുതലുകള്‍ പൂര്‍ത്തിയാക്കിയതായി അറിയിച്ചിരിക്കുകയാണ് വൈദ്യുതി മന്ത്രി എം എം മണി.

കൃത്യസമയത്ത് ഡാമുകള്‍ തുറക്കാനും അടയ്ക്കാനും സാധിക്കുന്ന വിധത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രി അറിയിച്ചു. കനത്ത മഴയ്ക്കിടെ ഡാമുകള്‍ അശാസ്ത്രീയമായി തുറന്നാണ് പ്രളയത്തിന് കാരണമായതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. എന്നാല്‍ ആരോപണം ആവര്‍ത്തിക്കാതിരിക്കാന്‍ കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനാണ് വകുപ്പിന്റെ നീക്കം.

അണക്കെട്ടുകള്‍ തുറക്കേണ്ട സമയത്ത് തുറക്കുകയും അടയ്‌ക്കേണ്ട സമയത്ത് അടയ്ക്കുകയും ചെയ്യുമെന്ന് മന്ത്രി എം എം മണി മാധ്യമങ്ങളോട് പറഞ്ഞു. ഇടുക്കി ഡാം ഉള്‍പ്പെടെയുള്ള അണക്കെട്ടുകള്‍ അവശ്യഘട്ടങ്ങളില്‍ തുറക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ പൂര്‍ത്തിയായി വരികയാണ്. മന്ത്രി അറിയിച്ചു.

Related posts