ദേവികുളം സബ് കളക്ടര്‍ ഡോ.രേണു രാജിനെതിരെ സിപിഎം എംഎല്‍എ എസ്. രാജേന്ദ്രന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വന്‍ വിവാദമായിരുന്നു. എംഎല്‍എയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതും.
രാജേന്ദ്രന്റെ പരാമര്‍ശങ്ങളെ പാര്‍ട്ടി പൂര്‍ണമായും തള്ളിക്കളയുന്നതായി ജില്ലാ സെക്രട്ടറിയേറ്റിന്റെ വാര്‍ത്താക്കുറിപ്പിലും വ്യക്തമാക്കിയിട്ടുണ്ട്. രാജേന്ദ്രനെതിരെ പല കോണില്‍ നിന്നും വിമര്‍ശനം ഉയരുമ്പോള്‍ മന്ത്രി എം.എം. മണിയുടെ ഈ വിഷയത്തിലെ അഭിപ്രായം കൂടുതല്‍ ജനശ്രദ്ധ നേടിയിരിക്കുകയാണ്.
എസ്. രാജേന്ദ്രന്‍ വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാട് ഉചിതമെന്നാണ് മന്ത്രി എം.എം മണി പറഞ്ഞിരിക്കുന്നത്. സ്ത്രീകളോട് അത്തരത്തില്‍ പെരുമാറരുതായിരുന്നു. ഉപയോഗിച്ച പദപ്രയോഗം തെറ്റായി. രാജേന്ദ്രനെതിരായ നടപടി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമുണ്ടാകും. ഖേദപ്രകടനത്തില്‍ എംഎല്‍എ സ്വീകരിച്ച നിലപാട് തെറ്റായെന്നും എം. എം. മണി പറഞ്ഞു. ‘ നാട്ടുഭാഷയുടെ പോരില്‍ ഏറെ വിവാദങ്ങളുണ്ടാക്കിയ എം.എം.മണി തന്നെയാണ് രാജേന്ദ്രനെ ഉപദേശിക്കാന്‍ യോഗ്യന്‍ എന്നാണ് സോഷ്യല്‍മീഡിയ പരിഹാസരൂപേണ അഭിപ്രായപ്പെടുന്നത്.