നിലവില്‍ സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്ന വിഷയമാണ് ശബരിമലയിലെ യുവതി പ്രവേശനം. സുപ്രീംകോടതി വിധി അനുസരിച്ച് ശബരിമലയില്‍ കയറാന്‍ ആഗ്രഹിച്ചെത്തുന്ന സ്ത്രീകളെ എന്ത് വിലകൊടുത്തും ദര്‍ശനം നടത്താന്‍ അനവദിക്കുമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ആചാരസംരക്ഷണ സംഘടനകളുടെയും ബിജെപിയുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ശബരിമല കയറാന്‍ എത്തിയ യുവതികള്‍ക്കാര്‍ക്കും അവിടെ പ്രവേശിക്കാന്‍ സാധിച്ചതുമില്ല.
എന്നാല്‍ ഇപ്പോഴിതാ ശബരിമല സന്നിധാനത്ത് യുവതികള്‍ കയറിയെന്ന വിവാദ പ്രസ്താവനയുമായി മന്ത്രി എം. എം. മണി രംഗത്തെത്തിയിരിക്കുന്നു. കോതമംഗലത്ത് വച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ശബരിമലയില്‍ യുവതികള്‍ കയറിയില്ലെന്നാണോ നിങ്ങളൊക്കെ കരുതിയിരിക്കുന്നതെന്നും യുവതികള്‍ സന്നിധാനത്തേക്ക് പോയിട്ടില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു. പിന്നെന്തിനാണ് ഈ പാടൊക്കെ പെടുന്നതെന്നും മന്ത്രി ചോദിച്ചു. വ്യക്തത ചോദിച്ചപ്പോള്‍ നിങ്ങളൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നതെന്നാണ് അദ്ദേഹം ചോദിച്ചത്.
ഇതിന് പുറമെ ഞങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു ലക്ഷം സ്ത്രീകളേയും കൊണ്ട് മല കയറാമല്ലോ. അവിടെ ആരും തടയാനൊന്നും വരില്ല. അതിനുള്ള കെല്‍പ്പൊക്കെ ഞങ്ങള്‍ക്കുണ്ട്. പക്ഷെ അതൊന്നും ഞങ്ങളുടെ പരിപാടിയല്ല. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുമ്പോഴായിരുന്നു മന്ത്രി മണിയുടെ പ്രതികരണം.