1,2,3… എം.എം. മണിയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഏവരുടെയും മനസില്‍ ഓടിയെത്തുന്നത് ഈ പ്രസംഗമാകും. എന്നാല്‍ മണിയാശാന് എന്ന പച്ചയായ ഇടുക്കിക്കാരന്റെ നന്മ നാട്ടുകാര്‍ കണ്ടറിഞ്ഞ ദിവസമായിരുന്നു മേയ് 29. രാത്രിയില്‍ തനിക്ക് കാവല്‍ വന്ന പോലീസുകാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ അവര്‍ക്കു താങ്ങും തണലുമായി ആശുപത്രിയില്‍ പാഞ്ഞെത്തിയ മണിയാശാന്റെ ആ വലിയ ഹൃദയത്തിന് നന്ദി പറയുകയാണ് പോലീസുകാര്‍. സംഭവം ഇങ്ങനെ-
രാത്രി കോഴിക്കോട് നിന്ന് ഔദ്യോഗിക പരിപാടി കഴിഞ്ഞ് മടങ്ങി വരികയായിരുന്ന മന്ത്രിക്ക് പൈലറ്റ് പോയിരുന്ന കുന്നംകുളം പോലീസിന്റെ വാഹനം നിയന്ത്രണം വിട്ട് അപകടത്തില്‍ പെട്ടു. എഎസ്ഐക്കും മറ്റ് രണ്ട് പൊലീസുകാര്‍ക്കും പരിക്കേള്‍ക്കുകയും ചെയ്തു. ഇടത് ഭാഗത്ത് കൂടി പെട്ടെന്ന് കയറി വന്ന കാറിനെ രക്ഷിക്കാന്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് പോലീസ് വാഹനം മറിയാന്‍ ഇടയാക്കിയത്. അപകടത്തില്‍പ്പെട്ട് രക്തത്തില്‍ കുളിച്ചു കിടന്ന പൊലീസുകാരെ രക്ഷിക്കാന്‍ പിന്നാലെ വന്ന മന്ത്രി തന്നെ ചാടിയിറങ്ങി. രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തു. എസ്കോര്‍ട്ടായി വന്ന വാഹനത്തില്‍ കയറ്റി ഇവരെ അതിവേഗം അടുത്ത ആശുപത്രിയില്‍ എത്തിച്ചു. അപകടത്തില്‍ പെട്ടവരെ കൊണ്ടുവരുന്നുണ്ടെന്ന വിവരം ആശുപത്രിയില്‍ അറിയിക്കുകയും ചെയ്തു. സാധാരണ ഇവിടംകൊണ്ട് ഏതു മന്ത്രിയും തന്റെ കടമ അവസാനിപ്പിക്കും.
എന്നാല്‍ മണിയാശാന് വേറെ ലെവലായിരുന്നു. പോലീസുകാര്‍ക്കൊപ്പം മന്ത്രിയും ആശുപത്രിയിലെത്തി. മന്ത്രിയെക്കണ്ട് സ്വീകരിക്കാനെത്തിയവരെയൊന്നും അദ്ദേഹം കാര്യമായി ഗൗനിച്ചില്ല. പരിക്കേറ്റവര്‍ക്ക് ചികിത്സ നല്കുന്ന കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയായിരുന്നു അദ്ദേഹം. തനിക്ക് വഴി കാണിക്കാന്‍ വന്നവര്‍ക്ക് പരിക്ക് പറ്റിയപ്പോള്‍ മന്ത്രിയാണെന്ന തലക്കനമൊന്നുമില്ലാതെ അവരെ ശുശ്രൂഷിക്കാന്‍ ആശുപത്രിയില്‍ മണിയാശാന് സജീവമായി. പോലീസുകാരുടെ പരിക്ക് അത്ര സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പിന്നെ അവര്‍ക്കൊപ്പം ഏറെ നേരം ചിലവഴിച്ച ശേഷമായിരുന്നു അദ്ദേഹം മടങ്ങിയത്. അതും വലിയ തലക്കനമൊന്നുമില്ലാതെ.