കൂടുതല്‍ തുക ഏല്‍പ്പിക്കാത്ത പക്ഷം പാലവും തോടുമെന്നൊക്കെ പറഞ്ഞ് ആരും ഇങ്ങോട്ട് വന്നേക്കരുത്! ആരുടെയും കുടുംബസ്വത്തും ആവശ്യപ്പെട്ടിട്ടില്ല; ശകാരവര്‍ഷവുമായി മന്ത്രി എം എം മണി

കട്ടപ്പന ബ്ലോക്ക് പരിധിയില്‍ നിന്നും ദുരിതാശ്വാസ നിധിയിലേയ്ക്കു നല്‍കിയ സംഭാവന കുറഞ്ഞു പോയെന്നതിന് ശകാരവുമായി വൈദ്യുതി മന്ത്രി എം.എം.മണി. തുക കുറഞ്ഞ് പോയെന്ന് ആരോപിച്ച് മന്ത്രി ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് ഭരണസമിതികളെയാണ് യോഗത്തില്‍ വച്ച് പരിഹസിച്ച്, ശകാരിച്ചത്. ജോയ്‌സ് ജോര്‍ജ് എംപി, കളക്ടര്‍ കെ.ജീവന്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങിലാണ് എം എം മണി ശകാരവര്‍ഷം നടത്തിയത്.

താന്‍ ആരുടെയും കുടുംബസ്വത്ത് വേണമെന്ന് പറഞ്ഞിട്ടില്ല. ഈ തുക തന്റെയും കളക്ടറുടെയും വീട്ടിലേക്ക് കൊണ്ടു പോകുന്നതിന് വേണ്ടിയല്ല. വിഷയത്തില്‍ തെറ്റുതിരുത്തി കൂടുതല്‍ തുക ഏല്‍പ്പിക്കാത്ത പക്ഷം പാലവും തോടുമെന്നൊക്കെ പറഞ്ഞ് ആരും വന്നേക്കരുത്. മന്ത്രി പറഞ്ഞു.

നേരത്തെ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും നടത്തുന്ന നിര്‍ബന്ധിത ശമ്പള പിരിവ് കൊള്ളയാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശത്തെ ചോദ്യം ചെയ്ത് ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിര്‍ബന്ധിത ശമ്പള പിരിവ് കൊള്ളയാണെന്ന് നിരീക്ഷിച്ചത്.

ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കി സഹായിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

Related posts