ഊര്‍ജ്ജക്ഷമതയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചെന്ന നീതി ആയോഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ യുവസംവിധായകന് ജൂഡ് ആന്റണി ജോസഫിന്റെ പഴയൊരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
വൈദ്യുതി മന്ത്രി എം.എം മണിയുടെ കിരീടത്തിലെ പൊന്‍തൂവലായാണ് ഈ നേട്ടത്തെ മണിയാശാന്റെ ആരാധകരും കേരള ജനതയും നോക്കിക്കാണുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മണിയാശാന്റെ മന്ത്രിസഭാ പ്രവേശനത്തെ അന്ന് ട്രോളിയ സംവിധായകന് ജൂഡ് ആന്റണി ജോസഫ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.
എം.എം മണി സംസ്ഥാന മന്ത്രിസഭയില്‍ അംഗമായെന്ന പ്രഖ്യാപനത്തിന് തൊട്ടുപിറകെ ‘വെറുതെ സ്കൂളില്‍ പോയി’ എന്ന ജൂഡിന്റെ അന്നത്തെ പോസ്റ്റ് കുത്തിപ്പൊക്കിയാണ് ജൂഡിനെ സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ വലിച്ചുകീറി ഒട്ടിച്ചുകൊണ്ടിരിക്കുന്നത്.
‘വെറുതെ സ്കൂളില്‍ പോയി’ എന്ന ജൂഡിന്റെ പോസ്റ്റ് അന്ന് വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. പോസ്റ്റില്‍ ജൂഡ് ആരുടെയും പേര് പരാമര്‍ശിച്ചിരുന്നില്ലെങ്കിലും ഉദ്ദേശിച്ചത് ഇടുക്കിയുടെ സ്വന്തം മണിയാശാനായ മന്ത്രി എം.എം. മണിയെയാണെന്ന് ചൂണ്ടിക്കാണിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു.
മണിയാശാനെ അപമാനിച്ചുവെന്നാരോപിച്ച് ജൂഡിന്റെ പോസ്റ്റിന് കീഴെ ആളുകള്‍ പൊങ്കാലയിടുകയും ചെയ്തു. ഊര്‍ജ്ജക്ഷമതയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ച റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വീണ്ടും ജൂഡ് വാര്‍ത്തകളില്‍ നിറയുകയാണ്. ‘ഇതാണ് ജൂഡ് ആന്റണിയെപ്പോലുള്ളവര്‍ക്ക് മണിയാശാന് നല്കുന്ന മറുപടി’ എന്ന് പറഞ്ഞുകൊണ്ടാണ് കേരളത്തിന്റെ നേട്ടത്തേയും മണിയാശാനേയും കേരള ജനത പുകഴ്ത്തുന്നത്.
ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയും നീതി ആയോഗും തയ്യാറാക്കിയ പ്രഥമ സംസ്ഥാന ഊര്‍ജക്ഷമതാ സന്നദ്ധത പട്ടികയിലാണ് കേരളം ഒന്നാമതെത്തിയത്. മികവിന്റെ അടിസ്ഥാനത്തില്‍ നാലു വിഭാഗങ്ങളായാണ് സംസ്ഥാനങ്ങളെ തിരിച്ചിട്ടുള്ളത്. മുന്‍നിര പട്ടികയില്‍ കേരളത്തിനു 77 പോയിന്റ് ലഭിച്ചു.
ഓരോ സംസ്ഥാനത്തിന്റെയും നയങ്ങള്‍, നിയന്ത്രണങ്ങള്‍, സാമ്പത്തിക സംവിധാനങ്ങള്‍, ശേഷി, ഊര്‍ജക്ഷമത തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.