തിരുവനന്തപുരം: അണക്കെട്ടുകളിൽ വെള്ളമില്ലെങ്കിലും സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്നു മന്ത്രി എം.എം. മണി. മഴയില്ലാത്തതിനാൽ സംസ്ഥാനത്തെ അണക്കെട്ടുകളിലൊന്നും വൈദ്യുതി ഉത്പാദനത്തിനു വെള്ളമില്ലാത്ത സ്ഥിതിയാണ്. എന്നാൽ, വൈദ്യുതിക്ഷാമം മുന്നിൽക്കണ്ട് പുറത്തുനിന്നു വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കിയിട്ടുണ്ട്. പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നതിനാൽ ചെലവ് കൂടിയിട്ടുണ്ട്.
ഇന്ത്യൻ വൈദ്യുതിനിയമപ്രകാരം വൈദ്യുതി ചാർജ് വർധിപ്പിക്കുന്നതിന് റെഗുലേറ്ററി കമ്മീഷന് അധികാരമുണ്ട്. വൈദ്യുതി ചാർജ് വർധനയെക്കുറിച്ച് മുൻകൂട്ടി താൻ പറയുന്നത് കമ്മീഷന്റെ അധികാരത്തിലുള്ള കൈകടത്തലാകുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയപാർട്ടികളിൽ സമവായമുണ്ടായാൽ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുമെന്നും മണി പറഞ്ഞു. അതിരപ്പിള്ളി പദ്ധതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരുമായ രാഷ്ട്രീയപാർട്ടികൾ കേരളത്തിലുണ്ട്.എൽഡിഎഫിൽ സിപിഐ ഉൾപ്പെടെയുള്ള കക്ഷികൾ പദ്ധതിയെ എതിർക്കുന്നു. കോണ്‍ഗ്രസിനും അതേ നിലപാടാണുള്ളത്.
അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. കൂട്ടുകക്ഷി ഭരണം നടക്കുന്നതിനാൽ യോജിക്കുന്ന കാര്യങ്ങൾ നടപ്പാക്കും.എൽഡിഎഫിന്റെ പൊതുമിനിമം പരിപാടിയിൽ അതിരപ്പിള്ളി പദ്ധതി ഇല്ല. എന്നാൽ, സർവകക്ഷിയോഗം കൂടി യോജിച്ചുവന്നാൽ പദ്ധതിനടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.പത്രസമ്മേളനത്തിൽ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു മന്ത്രി.