തിരുവനന്തപുരം: കേരളത്തിലെ മഹാപ്രളയം നൂറ്റാണ്ടിലൊരിക്കൽ ഉണ്ടാകുന്നതാണെന്ന് മന്ത്രി എം.എം മണി. ഇതിൽ കുറേപ്പേർ മരിക്കും. കുറേപ്പേർ ജീവിക്കും. എന്നാലും ജീവിതയാത്ര തുടരുമെന്നും തത്ത്വചിന്താപരമായി മണിയാശാൻ പ്രളയത്തെ വ്യാഖ്യാനിച്ചു. ഡാം മാനേജ്മെന്റിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് വിശദീകരിക്കാൻ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസിനൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് വൈദ്യുത മന്ത്രിയുടെ ദാർശനിക മറുപടി.
സംസ്ഥാനത്തെ പ്രളയം പ്രകൃതിയുടെ സൃഷ്ടിയാണ്.നൂറ്റാണ്ടു കൂടുമ്പോൾ വരാവുന്നതാണ്. ഇനിയും ഉടനെ ഉണ്ടായേക്കില്ല. പതിറ്റാണ്ടുകൾ കഴിഞ്ഞാവും രൂക്ഷമായി വരുക. ഇത് ചരിത്രത്തിന്റെ ഗതിയാണെന്നും മന്ത്രി പറഞ്ഞു.
കൈയേറ്റമാണോ ഇടുക്കിയിലെ ദുരന്ത കാരണമെന്ന ചോദ്യത്തിനും പരിഹാസമായിരുന്നു മന്ത്രിയുടെ മറുപടി. ഗ്രഹണസമയത്ത് ഞാഞ്ഞൂലിനു പോലും വിഷം ഉണ്ടാകുമെന്ന് മണി പരിഹസിച്ചു. ഇടുക്കി അണക്കെട്ട് തുറക്കില്ലെന്നു പറഞ്ഞത് ആവേശത്തോടെ നിന്ന മാധ്യമങ്ങളെ കളിയാക്കാനാണെന്നും മന്ത്രി പറഞ്ഞു.