തിരുവനന്തപുരം: വിവാദ പ്രസംഗത്തിൽ സ്ത്രീയെന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്ന് മന്ത്രി എം.എം.മണി. പ്രസംഗത്തിൽ പറഞ്ഞത് എഡിറ്റ് ചെയ്തു തനിക്കെതിരേ ഉപയോഗിച്ചു. ചില മാധ്യമപ്രവർത്തകർക്ക് തന്നോടു വിരോധമുണ്ട്.തൂക്കിക്കൊല്ലാൻ വിധിക്കുന്പോൾ എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി പോലും ചോദിക്കുമെന്നും മണി നിയമസഭയിൽ വിശദീകരിച്ചു. പ്രതിപക്ഷത്ത് നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെയാണ് മണി കാര്യങ്ങൾ വിശദീകരിച്ചത്.പൊന്പിള ഒരുമൈ പ്രവർത്തകരെ ആക്ഷേപിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. മൂന്നാറിൽ സമരം നടത്തുന്നത് ബിന്ദുകൃഷ്ണയും ശോഭ സുരേന്ദ്രനുമാണ്. പൊന്പിള ഒരുമൈ പ്രവർത്തകരെല്ലാം മൂന്നാറിൽ നടക്കുന്ന സമരത്തിനില്ല. നാലാൾ സമരമാണിപ്പോൾ നടക്കുന്നത്. തന്നേയും പാർട്ടിയേയും താറടിക്കാനാണ് ശ്രമം. സ്ത്രീകളോട് എന്നും ആദരവോടെയേ പെരുമാറിയിട്ടുള്ളൂ. ഉദ്യോഗസ്ഥരെ ഇനിയും വിമർശിക്കുമെന്നും മണി പറഞ്ഞു.
എന്നാൽ മണിയുടെ വിശദീകരണം തടസ്സപ്പെടുത്തിയ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. മണിയുടെ രാജി ആവശ്യപ്പെട്ടു പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിൽ എത്തിയത്.