സ്വന്തം ലേഖകൻ
തൊടുപുഴ: സിപിഐ ദേശീയ നേതാവ് ആനി രാജ ഡൽഹിയിലാണ് ഉണ്ടാക്കുന്നതെന്ന മുൻ മന്ത്രി എം.എം. മണിയുടെ പരാമർശത്തിനെതിരേ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ.
ആനി രാജ ഡൽഹിയിലാണ് ഉണ്ടാക്കുന്നതെങ്കിൽ സിപിഎം വനിതാ നേതാവ് ബൃന്ദ കാരാട്ട് എവിടെയാണ് ഉണ്ടാക്കുന്നതെന്ന് ശിവരാമൻ ചോദിച്ചു.
മണിയുടേത് തെമ്മാടി നിഘണ്ടുവാണ്. ഇതിനെ നാട്ടുഭാഷയെന്ന് പറഞ്ഞ് ഒഴിയാനാവില്ല. രാഷ്ട്രീയ എതിരാളികളെ കുറിച്ച് പറയുമ്പോഴും അന്തസായ ഭാഷ ഉപയോഗിക്കണം. മണിയെ സിപിഎം തിരുത്തണമെന്നും ശിവരാമൻ പറഞ്ഞു.
മണിയുടെ പരാമര്‍ശത്തിന് മറുപടിയുമായി ആനി രാജയും രംഗത്തെത്തി. മണിയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും അപലപനീയവുമാണ്. അവഹേളനം ശരിയോ എന്ന് മണിയെ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനം ആലോചിക്കണമെന്ന് ആനി രാജ പറഞ്ഞു.
കേരളത്തില്‍ നിന്ന് സ്ത്രീപക്ഷ ബാലപാഠങ്ങള്‍ പഠിച്ചുകൊണ്ടാണ് ഡല്‍ഹിലേക്ക് വന്നത്. ദേശീയ മഹിളാ ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപിടിക്കുകയാണ് തന്‍റെ ഉത്തരവാദിത്വം. ഡല്‍ഹിയിലായാലും വിദേശത്ത് നിന്നായാലും അത് ചെയ്യുമെന്നും ആനി രാജ പറഞ്ഞു.
ആര്‍എസ്എസിന്റെയും ബിജെപിയുടെയും പോലീസിനെ ഭയക്കാതെയാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ടു ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും അവര്‍ പറഞ്ഞു. ആനി രാജ കേരള നിയമസഭയില്‍ അല്ലല്ലോ പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹിയിലാണല്ലോ അവര്‍ ഉണ്ടാക്കുന്നതെന്നായിരുന്നു മണിയുടെ വിവാദ പരാമര്‍ശം.