പത്തനംതിട്ട: നവോത്ഥാന കൃതികൾ ജീവിതത്തിന്റെ ഭാഗമാകണമെന്ന് മന്ത്രി എം. എം. മണി. മൂലൂർ സ്മാരകത്തിന്റെ 30-ാമത് വാർഷികവും, മൂലൂരിന്റെ 150 ാം ജയന്തിയും, കവി രാമായണ രചനയുടെ 125 -ാം വാർഷികവും ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലയാള സാഹിത്യ നവോത്ഥാനത്തിന് മഹത്തായ സംഭാവനകൾ നൽകിയ ബഹുമുഖ പ്രതിഭയാണ് സരസകവി മൂലൂർ എസ്. പത്മനാഭ പണിക്കർ. സാമൂഹിക പരിഷ്കരണത്തിൽ മൂലൂർ വഹിച്ച പങ്ക് വലുതാണ്. സമൂഹത്തിലെ ദുരാചാരങ്ങളെ ഒരു കാലത്ത് പുറം ലോകമറിഞ്ഞതും പ്രതികരിക്കാൻ തയാറായതും മൂലൂരിനെ പോലെയുള്ള കവി ശ്രേഷ്ഠരുടെ പ്രവർത്തനഫലമായാണെന്നും മന്ത്രി പറഞ്ഞു.
മൂലൂർ രചിച്ച കവിരാമായണ രചനയുടെ പുസ്തക പ്രകാശനം മന്ത്രി നടത്തി. വീണാ ജോർജ് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മൂലൂരിന്റെ 150-ാം ജയന്തി സ്മാരക വാർഷികത്തോട് അനുബന്ധിച്ച് ഇലവുംതിട്ടയിൽ പുതിയ ഓപ്പണ്‍ സ്റ്റേജ് നിർമിക്കുന്നതിന്റെ ശിലാസ്ഥാപനവും മന്ത്രി നിർവഹിച്ചു.