വയനാട്: ശബരിമല ക്ഷേത്രം സംബന്ധിച്ച പന്തളം കൊട്ടാരത്തിന്റെ നിലപാടിനെതിരേ രൂക്ഷ വിമർശനവുമായി മന്ത്രി എം.എം.മണി. സുപ്രീം കോടതി വിധി അംഗീകരിക്കുന്നില്ലെങ്കിൽ കൊട്ടാരം അക്കാര്യം കോടതിയിൽ പോയി പറയണമെന്നും അല്ലാതെ ആണും പെണ്ണും കെട്ട നിലപാട് സ്വീകരിക്കരുതെന്നും മണി പറഞ്ഞു.
പന്തളം കൊട്ടാരം പ്രതിനിധികൾ വിഡ്ഢിത്തം പുലന്പുകയാണ്. സുപ്രീം കോടതി വിധി അംഗീകരിക്കുന്നില്ലെങ്കിൽ കോടതിയിൽ പോയി പറയണം. കൊഞ്ഞനംകുത്തിയിട്ടു കാര്യമില്ല. ശബരിമല ഞങ്ങളുടെ പൂർവിക സ്വത്താണ്, സുപ്രീം കോടതി വിധി ലംഘിക്കുമെന്ന് അവർ കോടതിയിൽ പറയട്ടെ. ആണും പെണ്ണും കെട്ട പറച്ചിലല്ല വേണ്ടത്. ഇവിടെ കിടന്നു കൊഞ്ഞനംകുത്തുകയും മെക്കിട്ടുകയറുകയും വേണ്ടെന്നും മന്ത്രി പറഞ്ഞു.
ശബരിമല ക്ഷേത്രം ദേവസ്വം ബോർഡിന്റെതല്ലെന്നും ഭക്തരുടേതാണെന്നും പന്തളം കൊട്ടാരം പ്രതിനിധികൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദേവസ്വം ബോർഡ് ട്രസ്റ്റി മാത്രമാണ്. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തില്ലെങ്കിൽ രാജകുടുംബത്തിന് മുന്നോട്ടു വരേണ്ടി വരുമെന്നും പന്തളം കൊട്ടാരം പ്രതിനിധികൾ വ്യക്തമാക്കി.