എം ജെ ശ്രീജിത്ത്
തിരുവനന്തപുരം: സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമല സന്നിധാനത്ത് യുവതികൾ പ്രവേശിച്ചിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ യുവതികൾ പ്രവേശിച്ച് അയ്യപ്പ ദർശനം നടത്തിയതായി വൈദ്യുതി മന്ത്രി എം എം മണി ഇന്നലെ കോതമംഗലത്ത് പറഞ്ഞിരുന്നു.
ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് രാഷ്ട്രദീപികയോട് ദേവസ്വം മന്ത്രിയുടെ പ്രതികരണം. മുന്പ് സ്ത്രീകൾ പ്രവേശിച്ച കാര്യമായിരിക്കും എം.എം മണി പറഞ്ഞത്. ഇപ്പോഴത്തെ കാര്യം ആയിരിക്കില്ല. മുന്പ് നടന്നിട്ടുണ്ടാകും. അതേക്കുറിച്ച് നേരത്തെ തന്നെ വാർത്തകൾ വന്നതാണല്ലോ.
ഇപ്പോൾ എന്തായാലും യുവതീ പ്രവേശനം ഉണ്ടായിട്ടില്ല. യുവതികൾ പ്രവേശിച്ചതായി തന്റെ ശ്രദ്ധയിൽപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി എം.എം മണിയുടെ ശ്രദ്ധയിൽ ഇക്കാര്യം പെട്ടിട്ടുണ്ടോയെന്ന് അറിയില്ല. അതു പറയേണ്ടത് അദ്ദേഹമാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
അതേസമയം എംഎം മണിയുടെ അനവസരത്തിലുള്ള പ്രസ്താവനയ്ക്കെതിരേ പാർട്ടിക്കുള്ളിൽ തന്നെ വിമർശനം ഉയർന്നിട്ടുണ്ട്. മണ്ഡലകാലം ഇപ്പോൾ സുഗമമായി നടക്കുന്ന അവസരത്തിൽ വീണ്ടും വിവാദം ഉണ്ടാകാൻ സാധ്യതയുള്ള ഇത്തരം പ്രസ്താവന അനുചിതമായെന്ന അഭിപ്രായം പല നേതാക്കളും ഇതിനകം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ഇനി ഇക്കാര്യത്തിൽ തുടർ വിശദീകരണങ്ങൾ പാടില്ലെന്ന് മണിയോട് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതായി അറിയുന്നു. യുവതീ പ്രവേശന വിവാദം ശബരിമല വരുമാനത്തെ കാര്യമായി ബാധിച്ച സാഹചര്യത്തിലും പ്രതിപക്ഷ കക്ഷികളുടെ എതിർപ്പ് ശക്തമായതിനാലും സർക്കാർ സമവായത്തിന്റെ പാതയിലാണ് പോകുന്നത്.
നിലവിലെ സാഹചര്യം മോശമാക്കുന്ന പ്രസ്താവനകളോ നീക്കങ്ങളോ പാടില്ലെന്ന നിർദ്ദേശം ഘടകകക്ഷികൾ ഉൾപ്പെടെ മുന്നോട്ടുവച്ചിരുന്നു. ഈ ധാരണയുടെ അടിസ്ഥാനത്തിൽകൂടിയാണ് നിലവിലെ തീർത്ഥാടനകാലം പുരോഗമിക്കുന്നത്. അതുകൊണ്ടുതന്നെ മണിയുടെ പ്രസ്താവനയിൽ കൂടുതൽ വിശദീകരണങ്ങളോ ഏറ്റുപിടിക്കലോ സിപിഎമ്മിൽ നിന്നോ ഘടകകക്ഷികളിൽ നിന്നോ ഉണ്ടാകാനിടയില്ല.