ഇടുക്കി: രവീന്ദ്രന് പട്ടയഭൂമിയിലുള്ള സിപിഎം പാര്‍ട്ടി ഓഫീസിനെ ആരും തൊടില്ലെന്ന് മുതിർന്ന നേതാവ് എം.എം. മണി.
പട്ടയം ലഭിക്കുന്നതിനും മുന്‍പേ അവിടെ പാര്‍ട്ടി ഓഫീസുണ്ട്. പട്ടയം റദ്ദാക്കിയാൽ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും മുൻ മന്ത്രികൂടിയായ മണി പറഞ്ഞു.
പട്ടയമേള നടത്തി നിയമപരമായി വിതരണം ചെയ്ത പട്ടയങ്ങളാണിത്. അവ എന്തിന് റദ്ദാക്കുന്നുവന്ന് റവന്യുവകുപ്പിനോടും മന്ത്രിയോടും ചോദിക്കണം.
കെട്ടിടങ്ങളെല്ലാം ഇടിച്ചുനിരത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. അനധികൃത നിര്‍മാണം നടക്കുമ്പോള്‍ നോക്കേണ്ടവര് എവിടെയായിരുന്നു.
മാറിമാറിവന്ന സര്‍ക്കാരുകള്‍ നോക്കി നിന്നിട്ട് ഇപ്പോള്‍ റദ്ദാക്കുന്നതില്‍ യുക്തിയില്ല. പട്ടയം നല്കുമ്പോള് അവിടെ കെട്ടിടങ്ങളില്ല. അവ പിന്നീട് ഉയര്‍ന്നതാണ്. ഇടുക്കിയില്‍ മാത്രമാണോ അനധികൃത കെട്ടിടങ്ങളുള്ളതെന്നും മണി ചോദിച്ചു.