സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യ നിർമിതമാണെന്ന പ്രതിപക്ഷ ആരോപണങ്ങളെ ശരിവയ്ക്കുംവിധമുള്ള അമിക്കസ് ക്യൂറി റിപ്പോർട്ടിനോട് പ്രതികരിക്കാതെ വൈദ്യുതിമന്ത്രി എം.എം.മണി.
താൻ ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വീണ്ടും മാധ്യമ പ്രവർത്തകർ ചോദ്യം ആവർത്തിച്ചപ്പോൾ എന്തെങ്കിലും പറയണമെങ്കിൽ എനിക്ക് തോന്നണമെന്നും ഇവിടെ നിന്ന് പൊക്കോളു എന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
“എനിക്കൊന്നും പറയാനില്ല. നിങ്ങള്‍ പോ. പോകാൻ പറഞ്ഞാൽ പോകണം. ഞാൻ പ്രതികരിക്കാൻ ഇല്ലെന്ന് പറഞ്ഞാൽ പിന്നെ എന്തിനാ’ എന്ന് ആക്രോശിച്ച മന്ത്രി മേലാൽ എന്റെ വീട്ടിൽ വന്ന് കയറിപ്പോകരുത് എന്നും പറഞ്ഞു.
പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മാധ്യമങ്ങൾ മന്ത്രിയുടെ പ്രതികരണം തേടിയത്.
പ്രളയം മനുഷ്യ നിർമിതമാണെന്നും ഡാം മാനേജ്മെന്റിൽ പാളിച്ചകളുണ്ടെന്നും തുടക്കം മുതൽ പ്രതിപക്ഷം ആരോപിച്ചിരുന്നു എന്നാൽ പെട്ടന്നുണ്ടായ മഴയാണ് പ്രളയത്തിന് കാരണമെന്നായിരുന്നു സർക്കാർ വാദം.