തൃശൂർ: സംസ്ഥാനത്ത് സൗരോർജ്ജത്തിൽനിന്ന് 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ലക്ഷ്യമുണ്ടെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. കോർപറേഷനിൽ ഉൗർജക്ഷമതയുള്ള ഉപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാറ്റിൽനിന്ന് പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കാനും ലക്ഷ്യമുണ്ട്.
സോളാർ പ്ലാന്റുകൾ സർക്കാർ സ്ഥാപനങ്ങൾക്കും പുതിയ വീടുകൾക്കും മുകളിൽ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കും. ചെലവുകുറച്ച് കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് 14 ശതമാനം വൈദ്യുതി പാഴായിപ്പോകുന്നുണ്ട്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഇതു കുറയ്ക്കാനുള്ള കർമപദ്ധതികൾക്കും വൈദ്യുതി ബോർഡ് രൂപം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ആവശ്യമായ വൈദ്യുതിയുടെ 30ശതമാനം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. 70 ശതമാനം പുറത്തുനിന്ന് വിലയ്ക്കുവാങ്ങിയാണ് വിൽക്കുന്നത്. കഴിഞ്ഞവർഷം കടുത്തവരൾച്ചയുണ്ടായി. ഇതേ തുടർന്ന് ഉത്പാദനം 25ശതമാനമായി കുറഞ്ഞു. എന്നിട്ടും ലോഡ്ഷെഡിങ്ങും പവർകട്ടും ഏർപ്പെടുത്തിയില്ല. ഈ വർഷവും ലോഡ്ഷെഡിങ്ങും പവർകട്ടും ഏർപ്പെടുത്തില്ല. ജലം പാഴാകാതെ സൂക്ഷിക്കുന്നതുപോലെ തന്നെ വൈദ്യുതിയും പാഴാകാതെ സൂക്ഷിക്കണം.
കഴിഞ്ഞ യുഡിഎഫ് സർക്കാർ പല പദ്ധതികളും ഉപേക്ഷിച്ചു. 70 ശതമാനം പൂർത്തിയായ പള്ളിവാസൽ പദ്ധതിയും ഉപേക്ഷിച്ചു. ഈ പദ്ധതി പൂർത്തികരിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. 26 ചെറുകിട വൈദ്യുതി പദ്ധതികളും തുടങ്ങാനാണ് ലക്ഷ്യം. ഇത്തരം ചെറുകിട പദ്ധതികൾ ഏറ്റെടുത്ത് തൃശൂർ കോർപറേഷൻ മഹത്തായ പങ്കാണ് നിർവഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.