മുക്കം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ വിവാദ പ്രസംഗവുമായി മന്ത്രിഎം.എം. മണി. ഇന്നലെ രാത്രി നെല്ലിക്കാപറമ്പിൽ നടന്ന രാഷ്ടീയ വിശദീകരണ യോഗത്തിലാണ് മന്ത്രി വിവാദ പ്രസംഗം നടത്തിയത്. ശബരിമലയിൽ പോവുന്ന മുഴുവൻ ആളുകളും പൂർണ വ്രതമെടുത്തല്ല പോവുന്നതെന്നും കഞ്ചാവും മദ്യവും മത്സ്യവും മാംസവും കഴിച്ച് പോവുന്നവരെ തനിക്ക് അറിയാമെന്നും മന്ത്രി തുറന്നടിച്ചു. ശബരിമലയിൽ യുവതികൾ പോയാലും പോയില്ലങ്കിലും ഒന്നും സംഭവിക്കില്ല. മുന്പും നിരവധി യുവതികൾ പോയിട്ടുണ്ട്. പന്തളം രാജകുടുംബാംഗങ്ങൾ വരെ പോയതായും മന്ത്രി പറഞ്ഞു.
ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി എന്ത് തന്നെയായാലും സർക്കാർ നടപ്പിലാക്കും . ഇതിനെ എതിർക്കുന്നവർ വിഢികളുടെ സ്വർഗത്തിലാണ് . രാജ്യത്ത് ഓരോരുത്തർക്കും അവർക്കിഷ്ടമുള്ള രീതിയിൽ ജീവിക്കാൻ അവകാശമുണ്ട്. സ്വവർഗ രതിയുടേയും വിവാഹേതര ലൈംഗിക ബന്ധത്തിലുമെല്ലാം അതാണ് കാണാനായത്.
ഏത് പരിഷ്കരണം നടപ്പാക്കുമ്പോഴും അതിന് എതിർപ്പുണ്ടാവും. സതി നിർത്തലാക്കിയപ്പോഴും അന്ന് സ്ത്രീകൾ അതിനെതിരെ വന്നിരുന്നു. ശബരിമലയിൽ യുവതികൾ പോയാലും ഒന്നും സംഭവിക്കില്ലന്നും തിരുവിതാംകൂർ രാജകുടുംബത്തിലെ യുവതികൾ പോയിട്ടുണ്ടന്നും മന്ത്രി പറഞ്ഞു.
ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കെതിരേയും രൂക്ഷമായ ഭാഷയിലാണ് മന്ത്രി പ്രസംഗിച്ചത്. സർക്കാരിനെ ഒരു ചുക്കും ചെയ്യാൻ അമിത്ഷാക്ക് കഴിയില്ലന്നും സംസ്ഥാനത്തെ പ്രളയ നഷ്ടത്തെ കുറിച്ച് ഒന്നും മിണ്ടാൻ ഷായ്ക്ക് കഴിഞ്ഞില്ലന്നും മന്ത്രി പറഞ്ഞു .ഈ വിഷയത്തിൽ യുഡിഎഫ് നേതാക്കളുടെ പ്രസ്ഥാവനയും നിരാശാ ജനകമാണ്.
പേരിന് വേണ്ടി മാത്രം അമിത് ഷായ്ക്കെതിരെ പ്രതികരിച്ചവർ അപ്പൻ ചത്താൽ കട്ടിലിൽ കിടക്കാമെന്ന വിധത്തിലാണ് സംസാരിച്ചതെന്നും മന്ത്രി കൂട്ടി ചേർത്തു. ചടങ്ങിൽ കെ. പി .ഷാജി അധ്യക്ഷത വഹിച്ചു. ജോർജ് എം തോമസ് എംഎൽഎ, ടി.വിശ്വനാഥൻ, വി.കെ.വിനോദ് ,സി.ടി.സി. അബ്ദുല്ല, നാസർ കൊളായി, കൃഷ്ണകുമാർ എന്നിവര് പ്രസംഗിച്ചു.