തൊടുപുഴ: നാവു പിഴ വിട്ടൊഴിയാതെ മണിയാശാന് പിന്നെയും പുലിവാലു പിടിച്ചു. റവന്യു ജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ കലോത്സവത്തെ കായിക മാമാങ്കമാക്കി മാറ്റിയായായിരുന്നു ഇത്തവണ പുലിവാലു പിടിച്ചത്. കായിക രംഗത്ത് ഇന്ത്യ നേരിടുന്ന പിന്നോക്കാവസ്ഥയെ കുറിച്ചായിരുന്നു മണിയാശാന്റെ പ്രസംഗം. തൊടുപുഴയില്‍ എ.ടി.എമ്മിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം കുറച്ച് വൈകിയാണ് മന്ത്രി കലോത്സവവേദിയിലെത്തിയത്. ഡി.ഡിയുടെ സ്വാഗത പ്രസംഗത്തിലും പി.ജെ ജോസഫ് എം.എല്‍.എയുടെ അധ്യക്ഷ പ്രസംഗത്തിലും കലോത്സവ നടത്തിപ്പും കലാപ്രതിഭകളെക്കുറിച്ചുമൊക്കെ പ്രതിപാദിച്ചെങ്കിലും മണിയാശാന് വന്നപ്പോള്‍ സ്ഥിതി മാറി.
പ്രസംഗത്തിനായി എത്തിയ മന്ത്രി എം.എം മണി കായിക മാമാങ്കത്തിന് ആശംസ നേര്‍ന്ന് പ്രസംഗം ആരംഭിച്ച മണിയാശാന് കായിക രംഗത്ത് ഇന്ത്യ വട്ടപൂജ്യമാണെന്ന് വിലയിരുത്തി. പി.ടി ഉഷ, ഷൈനി എബ്രാഹം, പ്രീജ ശ്രീധരന് തുടങ്ങിയ അപൂര്‍വം ചിലരുണ്ടായതൊഴിച്ചാല്‍ കായിക രംഗത്ത് ഇന്ത്യ വട്ടപൂജ്യമാണ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോലും കായികരംഗത്ത് സ്വര്‍ണം വാരിക്കൂട്ടുമ്പോള്‍ ഇന്ത്യയ്ക്ക് വല്ല ഓടോ, വെങ്കലമോ കിട്ടിയാല്‍ കിട്ടിയെന്ന് പറയാം. അമേരിക്ക, ചൈന, റഷ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ കായികരംഗത്ത് ലോകത്ത് അഭിമാനമായി ഉയര്‍ന്നു നില്ക്കുമ്പോള് ഇന്ത്യയുടെ സംഭാവന ഏറെ പിന്നിലാണ്. പ്രസംഗം ഇവിടെ വരെയെത്തിയപ്പോള്‍ അമളി പറ്റിയെന്നറിഞ്ഞ മണിയാശാന് കലോത്സവത്തെ കൂടി പരാമര്‍ശിച്ചു.
ഇതോടെ സത്യത്തില്‍ മണിശാന് ഉദ്ദേശിച്ചത് എന്തെന്നറിയാതെ ശ്രോതാക്കള്‍ ആശയക്കുഴപ്പത്തിലായി. കായിക രംഗത്തിനായി സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപയോളം മാറ്റിവച്ചിട്ടുണ്ടെന്നും പറഞ്ഞു. ഒടുവില്‍ കലോത്സവത്തില്‍ തന്നെ വാക്കുകള്‍ അവസാനിപ്പിച്ചു. ഇത്തരം കലാമാമാങ്കത്തിലൂടെയാണ് എല്ലാവരും അറിയുന്ന വലിയ താരങ്ങളായിരിക്കുന്നതെന്നും അതിനാല്‍ ഇത്തരം കലാമാമാങ്കത്തിലൂടെ വലിയ പ്രതിഭകള്‍ ഉയര്‍ന്നു വരട്ടെയെന്നും ആശംസിച്ച് മന്ത്രി പ്രസംഗം അവസാനിപ്പിച്ചു. ജോയ്സ് ജോര്‍ജ് എം.പി മുഖ്യ പ്രഭാഷണം. എം.എല്‍.എമാരായ പി.ജെ ജോസഫ്, ഇ.എസ് ബിജിമോള്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ. അബൂബക്കര്‍, നഗരസഭാ കൗണ്‍സിലര്‍മാരായ പ്രഫ. ജസി ആന്റണി, ബിന്ദു പത്മകുമാര്‍, ഗോപാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.