പാലാ: വൈദ്യുതി ബോർഡ് ഡെപ്യൂട്ടി ചീഫ് എജിനിയർക്ക് സ്ഥലംമാറ്റം. വൈദ്യുതി ബോർഡിലെ ഒരു യൂണിയനിലും അംഗമല്ലാത്തതും സ്വതന്ത്രനിലപാടും ജോലിയിൽ കർശന നിലപാടും ഉള്ള പാലാ ഡെപ്യൂട്ടി ചീഫ് എൻജിനിയറെയാണ് പാലായിൽ നിന്നു മലപ്പുറത്തേക്ക് സ്ഥലംമാറ്റിയത്. വിതരണ വിഭാഗത്തിൽ നിന്നു ട്രാൻസ്മിഷൻ വിഭാഗത്തിലേക്കാണ് സ്ഥലംമാറ്റം.
സംസ്ഥാനത്തു നടപ്പാക്കുന്ന സമ്പൂര്‍ണ്ണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥതല അവലോകനത്തിന് എത്തിയ വൈദ്യുതി മന്ത്രിയുടെ പരാമർശത്തിന് മറുപടി പറഞ്ഞതിനാണ് സ്ഥലംമാറ്റം എന്നു പറയുന്നു. ഏതുവിഭാഗത്തിൽ എവിടെ നിയമിക്കുന്നതിലും പരാതിയോ പരിഭവമോ ഇല്ലാത്ത ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഉടൻ സ്ഥലം കാലിയാക്കുകയും ചെയ്തു. ഭരണാനുകൂല സംഘടനയാണ് വൈദ്യുതിബോർഡ് ഭരിക്കുന്നത്.
രാഷ്ട്രീയപരമായും സംഘടനാപരമായും നേട്ടങ്ങൾക്ക് വേണ്ടിയുള്ള നിർദ്ദേശങ്ങൾ അതേപ്രകാരം നടപ്പാക്കാത്ത ജീവനക്കാരെ കൈകാര്യം ചെയ്യുന്ന സ്ഥിതിയാണ് നിലനിൽക്കുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഡെപ്യൂട്ടി ചീഫ് എൻജിനിയറുടെ സ്ഥലംമാറ്റത്തിൽ ഭരണാനുകൂല സംഘടനയിൽ പോലും അഭിപ്രായവ്യത്യാസം ഉണ്ട്.