തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ ഓർമ്മകളെപ്പോലും ഫാസിസ്റ്റുകൾ ഭയക്കുകയാണെന്നും മഹാത്മജിയെ വെടിവച്ചു കൊന്ന നാഥുറാം ഗോഡ്സെയുടെ പ്രേതങ്ങൾഇപ്പോൾ രാജ്യത്ത് ഉറഞ്ഞു തുള്ളുകയാണന്നും വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി.കേരള മുസ്ലിം യുവജന ഫെഡറേഷൻ സംസ്ഥാന സമിതി തിരുവനന്തപുരം ഗാന്ധി പാർക്കിൽ മഹാത്മജിയുടെ ഘാതകർ മാനവതയുടെ ഘാതകർ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷുകാർക്ക് വിടുപണി ചെയ്യുകയും സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുക്കുകയും ചെയ്തവരാണ് ഗാന്ധി വധം ആഘോഷിക്കാനും വീണ്ടും ഗാന്ധിജിയെ അപമാനിക്കാനും ശ്രമിക്കുന്നത്.ദേശീയ സമരത്തിൽ ഗാന്ധിജിയോളം പങ്കു വഹിച്ച മറ്റൊരു നേതാവുമില്ലാത്തതിനാലാണ് മതവും രാഷ്ട്രീയവും മറന്ന് ഇന്ത്യൻ ജനത മുഴുവൻ അദ്ദേഹത്തെ ആദരിക്കുന്നത്.
ഗാന്ധിജിയുടെ ചിത്രത്തിൽ നിറയൊഴിച്ച ഹിന്ദുമഹാസഭ നേതാക്കൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനോ അപലപിക്കാനോ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകാത്തത് അപലനീയമാണന്നും മന്ത്രി പറഞ്ഞു. രാജ്യം ഭരിക്കുന്നവർ ഭരണഘടനയുടെ കടയ്ക്കൽ കത്തിവയ്ക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെ. മുരളീധരൻ എം.എൽ എ പറഞ്ഞു.
രാജ്യത്തിന്റെബഹുസ്വരതക്ക് വേണ്ടി നിലകൊണ്ട ഗാന്ധിജിയെ വധിച്ചവർ സമൂഹത്തിന്റെ മുഴുവൻ ശത്രുക്കളാണന്നും മുരളീധരൻ പറഞ്ഞു.സംസ്ഥാന പ്രസിഡൻറ് കെ.എഫ് മുഹമ്മദ് അസ് ലം മൗലവി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി കടക്കൽ ജനൈദ് ആമുഖ പ്രഭാഷണം നടത്തി.കെ.പി മുഹമ്മദ് തൗഫീഖ് മൗലവി, ഹസൻ ബസരി മൗലവി, ഇലവു പാലം ഷംസുദീൻ മന്നാനി, നൗഷാദ് മാങ്കാംകുഴി ,കരമന മാഹീൻ, എസ്.ഇർഷാദ് മൗലവി, പാച്ചല്ലൂർ അബ്ദു സലീം മൗലവി, അൽ അമീൻ റഹ്മാനി ,മുണ്ടക്കയം ഹുസൈൻ മൗലവി, എ.വൈ ഷിജു, സഫീർ ഖാൻ മന്നാനി എന്നിവർ പ്രസംഗിച്ചു,