മാവേലിക്കര: ആത്മബോധോദയ സംഘ സ്ഥാപകൻ ശുഭാനന്ദ ഗുരുദേവൻ കേരളത്തിലെ നവോത്ഥാന നായകരിലൊരാളെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ശുഭാനന്ദ ഗുരുദേവന്റെ 135ാം ജന്മക്ഷത്ര മഹാസമ്മേളനം മാവേലിക്കര കൊറ്റാർ കാവ് ശ്രീശുഭാനന്ദാശ്രമത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുവിനും അയ്യങ്കാളിക്കും മറ്റു നവോത്ഥാന നായകർക്കുമൊപ്പം നിൽക്കുന്ന മഹദ് വ്യക്തിത്വമാണ് ശുഭാനന്ദഗുരുവിൻന്റേത്. സാധാരണക്കാർക്കു വേണ്ടി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്തതിലൂടെയാണ് ശുഭാനന്ദഗുരുവിൻറെ വ്യക്തിത്വം വേറിട്ടു നിൽക്കുന്നത്. ആത്മ ബോധോദയസംഘം ജനറൽ സെക്രട്ടറി കെ.എം. ഗോപാലകൃഷ്ണൻ അധ്യക്ഷനായി.
ആദർശാശ്രമ നിർമ്മാണ ഫണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡംഗം കെ രാഘവൻ ഉദ്ഘാടനം ചെയ്തു. ആർ. രാജേഷ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. തിരുവിതാം കൂർ ദേവസ്വം ബോർഡംഗം കെ. രാഘവനെ ചടങ്ങിൽ ആദരിച്ചു. മാവേലിക്കര നഗരസഭാധ്യക്ഷ ലീലാ അഭിലാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രഘുപ്രസാദ്, നഗരസഭാ കൗണ്‍സിലർ പ്രസന്നാബാബു, സ്വാമി ധർമ്മാനന്ദ, സ്വാമി ആനന്ദതീർഥർ എന്നിവർ സംസാരിച്ചു.
വൈകുന്നേരം ഏഴിന് സമൂഹാരാധന നടന്നു. തുടർന്ന് ശാസ്ത്രീയ നൃത്തവും ഭക്തിഗാനസുധയും നൃത്തനാടകവും അരങ്ങേറി. രാവിലെ 10നു ആശ്രമത്തിൽ നിന്നാരംഭിച്ച ജ·നക്ഷത്ര ഘോഷയാത്ര മാവേലിക്കര നഗരം ചുറ്റി ആശ്രമത്തിൽ സമാപിച്ചു.