അങ്കമാലി: വൈദ്യുതി വകുപ്പ് നീതി നിഷേധിക്കുന്നുവെന്നാരോപിച്ച് യുവ വ്യവസായി നടത്തുന്ന അനിശ്ചിതകാല നിരാഹാരം നാലാം ദിവസത്തിലേക്ക്. ന്യൂ ഇയർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എം. പ്രസാദാണ് കറുകുറ്റി കെഎസ്ഇബി ഓഫീസിനു മുന്നില്‍ മരണം വരെ നിരാഹാരമിരിക്കുന്നത്.
കൈക്കൂലി നല്‍കാത്തതിനെത്തുടര്‍ന്ന് കമ്പനിയുടെ കോര്‍പ്പറേറ്റ് ഓഫീസിലേക്ക് കണക്ഷന് നല്‍കുന്നില്ലെന്നാരോപിച്ചാണ് സമരം. രണ്ടു വര്‍ഷം മുമ്പാരംഭിച്ച കറുകുറ്റിയിലുള്ള ന്യൂ ഇയര്‍ ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഓഫീസിലേക്ക് വൈദ്യുതി കണക്ഷന് അപേക്ഷ നല്കിയപ്പോള് രണ്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിട്ട് നല്‍കാത്തതാണ് വൈദ്യുത വകുപ്പിന്റെ വൈരാഗ്യത്തിനു കാരണമെന്ന് പ്രസാദ് ആരോപിക്കുന്നത്.
നിരാഹാര പന്തലിൽ ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിക്കുന്ന പ്രസാദിനെ വൈദ്യ പരിശോധന നടത്താന്‍ പോലും ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ലെന്നു സമരപന്തലിലെത്തുന്നവർ പരാതിപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് പ്രസാദിന്റെ തീരുമാനം.
മുഖ്യമന്ത്രിക്കും വൈദ്യുതി വകുപ്പ് മന്ത്രിക്കും കെഎസ്ഇബി എംഡിക്കുമെല്ലാം പരാതി നല്കിയട്ടുണ്ടെങ്കിലും തുടര്‍നടപടികളുണ്ടായില്ലെന്നും ഇദ്ദേഹം പറയുന്നു.കോടികള്‍ മുടക്കി ആരംഭിച്ച സംരംഭമായിരുന്നെങ്കിലും കെഎസ്ഇബിയുടെ നിഷേധാത്മ നിലപാട് മൂലം ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ദിനം പ്രതി സംഭവിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു.
ഇലക്ട്രിസിറ്റി ഓഫീസിനു മുന്നിൽ വ്യവസായി നടത്തുന്ന സമരം അനാവശ്യമാണെന്നും ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കെഎസ്ഇബി കറുകുറ്റി സെക്ഷൻ അസി. എൻജിനീയർ അറിയിച്ചു. ഒരു വർഷം മുന്‍പുള്ള കാര്യങ്ങൾക്കൂടി പറഞ്ഞാണ് നിരാഹാര സമരം നടത്തുന്നത്.
കഴിഞ്ഞദിവസം അങ്കമാലി എസ്ഐയുടെ നേതൃത്വത്തിൽ നിരാഹാര സമരം നടത്തുന്ന പരാതിക്കാരന്റെ ആരോഗ്യസ്ഥിതി പരിശോധിച്ചപ്പോൾ തൃപ്തികരമാണെന്ന് പറഞ്ഞതായും അസി. എൻജിനീയർ അറിയിച്ചു.