സ്വന്തം ലേഖകന്‍
കോഴിക്കോട്: വിവാഹ ആവശ്യത്തിനായി സ്വര്‍ണം വാങ്ങാനുള്ളവരെ ഇടനിലക്കാര്‍ വഴി സമീപിച്ചും എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്തും പണം തട്ടിയ ദമ്പതികള്‍ക്കായി ഊർജിത അന്വേഷണം. ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിവന്നിരുന്ന ദമ്പതികള്ക്കെതിരേയാണ് കോഴിക്കോട് പോലീസ് സ്റ്റേഷനിലും പരാതി ലഭിച്ചിരിക്കുന്നത്. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി സിബി, ഭാര്യ നൂസ്രത്ത്, സഹായി സേതുമാധവന് എന്നിവര്‍ക്കെതിരെയാണ് കോഴിക്കോട് കസബ പോലീസ് സ്റ്റേഷനില്പരാതിയുള്ളത്.
കസ്റ്റംസില്‍നിന്ന് റിവാര്‍ഡായി കിട്ടിയ സ്വര്‍ണാഭരണം നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു മലപ്പുറം നിലമ്പൂര്‍ എരഞ്ഞിമങ്ങാട് ചൂരക്കാട്ടില്‍ സി.ജി.സുരേഷകുമാറിൽ നിന്നും പണം തട്ടിയത്. രണ്ട് ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് നഷ്ടപ്പെട്ടത്. മഞ്ചേരി വെളുവങ്ങാട് തായഫ് മന്‍സില്‍ അഹമ്മദ് കോയയുടെ മകന് സെയ്ത് ഹുസൈന് മുഹമ്മദ് കോയയില്‍നിന്ന് മകള്‍ക്ക് എംബിബിഎസ് അഡ്മിഷന് സീറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് ഏഴര ലക്ഷം രൂപയുമാണ് തട്ടിയത്.
സി.ജി. സുരേഷകുമാര് നല്കിയ പരാതിയില്‍ പറയുന്നതിങ്ങനെ…
2017 മേയില്‍ രാജാജി റോഡിലുള്ള സഫ ടൂറിസ്റ്റ് ഹോമില്‍ താമസിച്ചവരികയായിരുന്നു സുരേഷ്കുമാർ. തൊട്ടടുത്ത മുറിയിലായിരുന്നു തട്ടിപ്പുകാരായ സിബിയും നുസ്രത്തും താമസിച്ചിരുന്നത്. ഇവര്‍ക്കൊപ്പം രണ്ട് കുട്ടികളും ഉണ്ടായിരുന്നു. രണ്ടാമത്തെ മകള്‍ അനീഷയുടെ വിവാഹം ഉറപ്പിച്ചിരിക്കുന്ന കാര്യം ഇവരോട് സൗഹൃദസംഭാഷണത്തിനിടെ സൂചിപ്പിച്ചിരുന്നു.
കോഴിക്കോട് കമ്മത്ത് ലൈനിനുള്ള ഒരു ജ്വല്ലറിയില്‍ നിന്നും തങ്ങള്‍ക്ക് 500 പവനോളം സ്വര്‍ണം കിട്ടാനുണ്ടെന്നും അതില്‍ നിന്നും 15 പവന് സ്വര്‍ണാഭരണം കുറഞ്ഞ വിലയ്ക്ക് തങ്ങള്‍ക്ക് തരാമെന്നും പറഞ്ഞു. സ്വര്‍ണ കടത്തുകാരന്റെ വിവരങ്ങള്‍ കസ്റ്റംസിന് ചോര്ത്തിക്കൊടുത്തതിനാല് റിവാര്‍ഡായി 30 ശതമാനം തങ്കക്കട്ടികള്‍ ലഭിച്ചതായും പറഞ്ഞു. ജ്വല്ലറിയില്‍ തന്റെ സുഹൃത്തായ സേതുമാധവന് മുഖേനയാണ് ഇടപാടുകള്‍ നടത്തിയതെന്നും അറിയിച്ചു.
15 പവന് സ്വര്‍ണത്തിന് ബില്ല് വേണമെങ്കില്‍ രണ്ട് ലക്ഷം രൂപ മൊത്തം താന്‍ കൊടുക്കണമെന്നും സ്വര്‍ണം കിട്ടിക്കഴിഞ്ഞാല്‍ മൂന്ന് മണിക്കൂറിനകം പണം തിരികേ നല്‍കാമെന്നും പറഞ്ഞു. ഇതിനെ തുടര്‍ന്ന് 1, 15,000 രൂപ പണമായും ബാക്കി 85,000 രൂപ സേതുമാധവന്റെ എസ്ബിഐ ബാങ്കിലേക്ക് കുടുംബസുഹൃത്തായ നിലമ്പൂര്‍ മുതുകാട് സ്വദേശി വത്സലയുടെ അക്കൗണ്ടില്‍ നിന്നും നല്‍കുകയും ചെയ്തു. മെയ് 15നായിരുന്നു ഇത്. പണം ലഭിച്ചതോടെ ഇവര്‍ ടൂറിസ്റ്റ് ഹോമില്‍ നിന്നും അപ്രത്യക്ഷരായതായും പരാതിയില്‍ പറയുന്നു.
സൈക്കോളജിക്കല്‍ കൗണ്‍സിലര്‍ കൂടിയായ സെയ്ത് മുഹമ്മദ് കോയയാണ് രണ്ടാമത്തെ തട്ടിപ്പിനിരയായത്. തൃശൂര്‍ മെഡിക്കല്‍ മിഷന് ആശുപത്രി മേലാധികാരി സിബിയുടെ സുഹൃത്താണെന്നും മാനേജ്മെന്റ് ക്വാട്ടയില്‍ രണ്ട് സീറ്റ് ഞങ്ങള്‍ക്കുള്ളതാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു നുസ്രത്ത് തട്ടിപ്പ് നടത്തിയത്.
ഇതിനായി 7,20,000 രൂപ വേണമെന്നും പറഞ്ഞു. സഫ ടൂറിസ്റ്റ് ഹോമില്‍വച്ച് രണ്ട് ലക്ഷം വാങ്ങിയതിനുപുറമേ മാങ്കാവിലെ വീട്ടില്‍ വച്ച് മൂന്ന് ലക്ഷവും മെട്രോ ടൂറിസ്റ്റ് ഹോമില്‍ വച്ച് രണ്ട് ലക്ഷവും സേതുമാധവന്റെ അക്കൗണ്ടിലേക്ക് 20.000 രൂപ പണമായും നല്കി. എന്നാല്‍ പിന്നീട് സീറ്റ് തരപ്പെടുത്താതിരുന്നതോടെ സംശയം വന്നു.
ഒടുവില്‍ പണത്തക്കുറിച്ച് ചോദിച്ചപ്പോള്‍ ഇവര്‍ പരസ്പരം മാനസികരോഗികളായി കുറ്റപ്പെടുത്തി പണം തരാതെ നീട്ടികൊണ്ടുപോയി. തുടര്‍ന്ന് സഹോദരി ആറ്റബിബിയും താനും ഇവരെ വീട്ടിൽചെന്ന് നേരില്‍ കണ്ടപ്പോള്‍ 7,2000 രൂപ എഴുതി ഒപ്പിട്ടചെക്ക് നല്കി. എന്നാല്‍ ജനുവരി എട്ടിന് ചെറൂട്ടി റോഡിലെ ഫെഡറല്‍ബാങ്കില്‍ ചെന്നപ്പോള്‍ അക്കൗണ്ടില്‍ പണമില്ലെന്നും ഇതുപോലെ അവര്‍ പലര്‍ക്കും ചെക്കുനല്കിയിട്ടുണ്ടെന്നും അറിയാന്‍ കഴിഞ്ഞു.
എന്നാല്‍ ഇപ്പോള്‍ ഫോണ്‍ ചെയ്താല്‍ പോലും എടുക്കാറില്ലെന്നും പരാതിയില്‍ പറയുന്നു. കോഴിക്കോട്, കണ്ണൂര്‍, മാഹി, മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളിലായി പന്ത്രണ്ടോളം പേര് ഇവരുടെ തട്ടിപ്പിനിരയായതായാണ് പോലീസ് പറയുന്നത്. കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബാംഗളൂർ കേന്ദ്രീകരിച്ച് നിരവധി തട്ടിപ്പുനടത്തിയ സംഘത്തിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുള്ളതായി പോലീസ് പറഞ്ഞു.