ചാലക്കുടി: ഫ്ലാറ്റിനു വേണ്ടി കിടപ്പാടം വിറ്റുകിട്ടിയ പണം സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിക്ഷേപിച്ചു വഞ്ചിതരായ വൃദ്ധയും മകളും താമസിച്ച സ്ഥാപനത്തിൽ പണമടയ്ക്കാത്തതിനാൽ വിച്ഛേദിച്ച വൈദ്യുതിക്കു മന്ത്രി നേരിട്ടെത്തി കണക്ഷൻ നല്കി.
ഇതോടെ 12 വർഷമായി സ്വകാര്യപണമിടപാടു സ്ഥാപനത്തിന്റെ കെട്ടിടത്തിൽ ഇരുട്ടിൽ കഴിഞ്ഞിരുന്ന അമ്മയും മകളും വെളിച്ചമെത്തിയതിന്റെ ആഹ്ലാദം മന്ത്രിയുമായി പങ്കിട്ടു.
ചാലക്കുടി സ്വദേശി 77 കാരി ഇളയേടത്ത് വനജയും മകൾ വിജിയുമാണ് ഇരുട്ടിൽ കഴിഞ്ഞിരുന്നത്. ഇരിങ്ങാലക്കുടയിൽ നടന്ന അദാലത്തിൽ മന്ത്രി എ.സി. മൊയ്തീന്റെ അടുത്തു ദുരിതാവസ്ഥ വിവരിച്ചതിനെത്തുടർന്നാണു വൈദ്യുതി ലഭ്യമാക്കാൻ നടപടി ഉണ്ടായത്.
15 വർഷം മുന്പു ചാലക്കുടിയിലെ വീടും സ്ഥലവും വിറ്റുകിട്ടിയതും കുടുംബസ്വത്തായി കിട്ടിയ 65 ലക്ഷം രൂപയും ഫ്ലാറ്റ് വാങ്ങാൻ ചാലക്കുടിയിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിക്ഷേപിച്ചു. എന്നാൽ, സ്ഥാപന ഉടമ ബാധ്യതയിലായതിനാൽ സ്ഥാപനം പൂട്ടി സ്ഥലംവിട്ടു.
ഇതോടെ ഇവർ വഴിയാധാരമായി. കയറിക്കിടക്കാൻ ഇടമില്ലാതായതോടെ പോലീസിന്റെ മധ്യസ്ഥതയിലാണു ഫ്ലാറ്റ് ഉടമയുടെ അടച്ചുപൂട്ടിയ ധനകാര്യ സ്ഥാപനത്തിൽ താമസിക്കാൻ സൗകര്യമൊരുക്കിയത്.
സ്ഥാപന ഉടമ വൈദ്യുതി കുടിശിക വരുത്തിയതോടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. ഇതോടെയാണ് ഇവർ ഇരുട്ടിലായത്.
വാർധക്യ പെൻഷൻ മാത്രമായിരുന്നു ഇവരുടെ ഏക വരുമാനം. ഇവരുടെ ദുരിതാവസ്ഥ അറിഞ്ഞു നാട്ടുകാരും സാമൂഹ്യപ്രവർത്തകരും ഇടപെട്ടാണ് ഇവരെ അദാലത്തിലെത്തിച്ചത്.