നെടുങ്കണ്ടം: ടൂറിസം വികസനത്തിന് ബാറുകൾ ആവശ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. വിനോദ സഞ്ചാരത്തിന് എത്തുന്ന ആളുകളുടെ താത്പര്യം കണ്ടറിഞ്ഞ് സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
രാമക്കൽമേട് ആമപ്പാറയിൽ എക്കോ പാർക്കിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.വിനോദ സഞ്ചാര വികസനത്തിനായി സ്വകാര്യ മേഖലയെ ഉൾപ്പെടുത്തി നൂതന പദ്ധതികൾ ആവിഷ്കരിയ്ക്കണം. ബാറുകൾ തുറക്കുന്നത് വിനോദ സഞ്ചാര മേഖലയ്ക്ക് ഗുണകരമാകും. സഞ്ചാരികൾ ഉല്ലാസത്തിനായാണ് എത്തുന്നത്. കട്ടൻ കാപ്പി കുടിച്ച് തിരികെ മടങ്ങാൻ ആഗ്രഹിച്ചല്ല അവർ എത്തുന്നത്.
മദ്യപിക്കുന്നവർക്കായി അതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണം. എല്ലാ മേഖലയിലും സർക്കാരിന് സൗകര്യം ഏർപ്പെടുത്താനാവില്ല. സ്വകാര്യ മേഖലയിൽ നിക്ഷേപം ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.രാമക്കൽമേട് ആമപ്പാറയിൽ 2.25 കോടി മുതൽ മുടക്കിയാണ് ഡിടിപിസി ജാലകം എക്കോ പാർക്ക് സ്ഥാപിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ആർച്ച്, ടിക്കറ്റ് കൗണ്ടർ, വാച്ച് ടവർ, സേഫ്റ്റി ഫെൻസിംഗ് ബയോ ടോയിലറ്റുകൾ, റെയിൻ ഷെൽട്ടറുകൾ, ഇരിപ്പിടങ്ങൾ, ലൈറ്റ് അറേഞ്ച്മെന്റ് തുടങ്ങിയവ സ്ഥാപിക്കും. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ, വനം വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗം പി.എൻ വിജയൻ, ഡിടിപിസി സെക്രട്ടറി ജയൻ പി. വിജയൻ, ടി.എം. ജോണ്, മോളി മൈക്കിൾ, ശ്രീമന്ദിരം ശശികുമാർ, ജി. ഗോപകൃഷ്ണൻ, വിജിമോൾ വിജയൻ, പി.എസ് ഷംസ്, സിന്ധു മോഹൻദാസ്, കെ.കുമാർ, വിനായക് അയ്യക്കുന്നേൽ, സി. രാജശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു.