കട്ടപ്പന: വീണ്ടും നാക്കുപിഴച്ച് മന്ത്രി എം.എം. മണി. ഇക്കുറി മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജൻമദിനവുമായി ബന്ധപ്പെട്ടായിരുന്നു മണിയുടെ പരാമർശം. ശിശുദിനം ജവഹർലാൽ നെഹ്റു അന്തരിച്ച ദിവസമാണെന്നും അതൊരു സുദിനമാണെന്നും കട്ടപ്പനയിൽ ഒരു പൊതുസമ്മേളനത്തിൽ പ്രസംഗിക്കവെ മന്ത്രി പറഞ്ഞു.
നമുക്കറിയാം ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അന്തരിച്ച സുദിനമാണ് ഇന്ന്. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിൽ, അതിനെ മുന്നോട്ടു നയിക്കുന്നതിൽ നല്ല പങ്കുവഹിച്ച ആദരണീയനായ മുൻ പ്രധാനമന്ത്രി, ദീർഘനാൾ ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയെന്നും മന്ത്രി മണി പറഞ്ഞു. ശിശുദിനത്തിൽ സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം നടത്തുന്നതു പരാമർശിച്ചായിരുന്നു പ്രസംഗം.
ദീർഘനാൾ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിൽ നമ്മെ നയിച്ച അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് ഈ മഹാസമ്മേളനം നടക്കുന്നതെന്ന് പറഞ്ഞ് മന്ത്രി എം.എം. മണി ഒരു പടികൂടി കടക്കുകയും ചെയ്തു.