കോഴിക്കോട്: എം.ടി. വാസുദേവന്‍ നായര്‍ക്ക് പിന്നാലെ അധികാരവിമര്‍ശനം നടത്തി എഴുത്തുകാരന് എം. മുകുന്ദനും. അധികാരത്തിന്റെ രുചി അറിഞ്ഞവരാണു സിംഹാസനത്തില്‍ ഇരിക്കുന്നതെന്നും സിംഹാസനങ്ങള്ക്കല്ല, ജനങ്ങള്‍ക്കാണു വിലയെന്നു തിരിച്ചറിയണമെന്നും എം. മുകുന്ദൻ പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിംഹാസനത്തിനാണ് ഏറ്റവും വലിയ വിലയെന്നു ധരിക്കുന്നുവരുണ്ട് നാട്ടില്‍. സിംഹാസനങ്ങള്ക്കല്ല, ജനങ്ങള്‍ക്കാണു വില. സിംഹാസനത്തിലേക്കുള്ള യാത്ര പലപ്പോഴും ദുര്‍ഘടം നിറഞ്ഞതാണ്. ഊണും ഉറക്കവുമില്ലാതെ അധ്വാനിച്ച് കഷ്ടപ്പെട്ട് ചോരചിന്തിയാണു സിംഹാസനത്തിലെത്തുന്നത്.
ഒരിക്കല്‍ അവിടെ ഇരിപ്പുറപ്പിച്ചു കഴിഞ്ഞാല്‍ നടന്നുവന്ന വഴികളെല്ലാം മറന്നുപോകുന്ന കാഴ്ചയാണ് എല്ലായിടത്തും. ജനങ്ങള്‍ വരുന്നതു കണ്ടില്ലെങ്കില്‍ സിംഹാസനത്തിലിരിക്കുന്നവരെ അവര്‍ പിഴുതെറിയും. കിരീടങ്ങള്‍ വാഴുന്ന കാലത്താണു നാം ജീവിക്കുന്നത്. കിരീടത്തെക്കാള്‍ വലുതാണ് ഒരുതുള്ളി മനുഷ്യരക്തത്തിന്റെ വിലയെന്നു നാം തിരിച്ചറിയേണ്ടതുണ്ട്.
ദൗര്‍ഭാഗ്യവശാല്‍ കിരീടമാണ് കൂടുതല്‍ ശക്തിയാര്‍ജിച്ചുവരുന്നത്. ചോരയുടെ പ്രാധാന്യം കുറഞ്ഞുവരുന്നു. ജനാധിപത്യരാജ്യത്ത് കിരീടം തെറിപ്പിക്കാന്‍ കഴിയുന്നവരാണ് നാമെന്നു കാണിക്കണം.വോട്ട് ചെയ്തുകൊണ്ട് ചോരയുടെ പ്രധാന്യം അടയാളപ്പെടുത്തണമെന്നും കിരീടം അപ്രസക്തമാണെന്ന് സ്ഥാപിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എംടിയുടെ വാക്കുകളുമായി തന്റെ പ്രതികരണത്തെ ചേര്ത്തുവയ്ക്കണമെങ്കില് വയ്ക്കാമെന്ന് എം. മുകുന്ദന് പറഞ്ഞു. ഏതൊരു വ്യവസ്ഥിതിയിലും വിമര്‍ശനം ആവശ്യമാണ്. പ്രത്യേകിച്ചും, ജനാധിപത്യ വ്യവസ്ഥിതിയില്‍.
പലര്‍ക്കും അതിനോടു സഹിഷ്ണുതയില്ല.വിമര്‍ശിക്കാന്‍ മടിക്കുന്നത് അതുകൊണ്ടാണ്. വിമര്‍ശനമുണ്ടെങ്കില്‍ മാത്രമേ ജനാധിപത്യം വളരുകയുള്ളൂ. വിമര്‍ശിക്കാന്‍ എഴുത്തുകാര്‍പോലും മടിക്കുകയാണ്. നിര്‍ഭയം വിമര്‍ശിക്കാനുള്ള അവസരം കേരളത്തിലും ഇന്ത്യയിലുമെല്ലാം ഉണ്ടാവണം. ഏതു പാര്‍ട്ടിയായാലും വ്യക്തിപൂജ വേണ്ട. നേതൃപൂജകള് വിശ്വസിക്കേണ്ടെന്നാണ് ഇ.എം.എസ്. പറഞ്ഞത്. കേരളത്തിലെ എല്ലാ നേതാക്കളും അങ്ങനെയായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.