അങ്കമാലി: നിയന്ത്രണം വിട്ട മിനിലോറിയിടിച്ച് രണ്ടു സത്രീകൾ മരിച്ചു. പെരുമ്പാവൂർ അയ്മുറി മണിയച്ചേരി വീട്ടിൽ പരേതനായ പൈലിയുടെ ഭാര്യ ത്രേസ്യാമ്മ (78), പെരുമ്പാവൂർ തൊടാപ്പറമ്പ് മണേലിക്കുട്ടി വീട്ടിൽ ചിന്നന്റെ ഭാര്യ ബീന (45) എന്നിവരാണ് മരിച്ചത്.
ഇന്നു രാവിലെ 6.30 ഓടെ ദേശീയ പാതയിൽ അങ്കമാലി പഴയനഗര സഭ ഓഫീസിനു മുൻപിലാണ് അപകടം.
ഓട്ടോയിൽനിന്നും ഇറങ്ങി ജോലി സ്ഥലത്തേക്കു പോകുമ്പോൾ നിയന്ത്രണം വിട്ട ലോറി ഇടിക്കുകയായിരുന്നു.
രണ്ടു പേരും സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. അങ്കമാലിയിലെ സ്വകാര്യ വസ്ത്രസ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇരുവരും.
അപകടമുണ്ടാക്കിയ ലോറി ഓട്ടോയിൽ ഇടിച്ചശേഷംനഗരസഭാ ഓഫീസിന്റെ പാർക്കിംഗ് ഏരിയയിലെ ഭിത്തിയിലിടിച്ചാണ് നിന്നത്.
ഓട്ടോ ഡ്രൈവർ മുടിക്കൽ എടയത്ത് ലാലു (52) വഴിയാത്രക്കാരായ അങ്കമാലി കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരായ പുനലൂർ സ്വദേശി എൻ.എസ്. അനിൽകുമാർ (47), കൊട്ടാരക്കര വാളകം സ്വദേശി സിനി (48) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ അങ്കമാലി എൽഎഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
മിനി ടാങ്കർ ലോറി ഓടിച്ച ഡ്രൈവർ കൊച്ചി സ്വദേശിയെ അങ്കമാലി പോലീസ് കസ്റ്റഡിയിലെടുത്തു.
ത്രേസ്യാമ്മ യുടെ മക്കൾ: ബാബു, ജോളി, പരേതരായ വൽസ, സെബാസ്റ്റ്യൻ, വർഗീസ്. ബീനയുടെ മക്കൾ: അജ്ഞന, അമൽ (ഇരുവരും ചേരാനല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. ബീനയുടെ സംസ്കാരം ഇന്ന് വൈകിട്ട് പെരുന്പാവൂർ ബെഥേൽ സുലോക്കോ യാക്കോബായ പള്ളിയിൽ.
ത്രേസ്യാമ്മയുടെ സംസ്കാരം ഇന്ന് വൈകിട്ട് ആയത്തുപടി നിത്യസഹായമാതാ പള്ളിയിൽ നടക്കും.