സ്വന്തം ലേഖകന്‍
കോഴിക്കോട്: സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ സഭയില്‍ ഇല്ലാത്ത സമയം സഭാ നടപടികള്‍ നിയന്ത്രിക്കുവാനുള്ള പാനലില്‍ മുഴുവന്‍ വനിതകളെ ഉള്‍പ്പെടുത്തിയ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ നടപടി സോഷ്യല്‍ മീഡയയില്‍ ട്രോളുകള്‍ക്ക് വഴിയൊരുക്കുകയാണ്.
\പലവിധത്തിലുള്ള ട്രോളുകളാണ് പ്രചരിക്കുന്നത്. ഭരണപക്ഷത്തുനിന്നു യു. പ്രതിഭ, സി.കെ. ആശ എന്നിവരും പ്രതിപക്ഷത്തുനിന്നു കെ.കെ. രമയുമാണ് പാനലിലുള്ളത്.
‘സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് ഇങ്ങനെയൊക്കെ പണി കൊടുക്കാമോ…’ ‘ഇനി മുഖ്യമന്ത്രി കെ.കെ. രമയെ ‘സാര്‍’ എന്നു വിളിക്കേണ്ടിവരും…’,
‘എന്നെ മന്ത്രിയാക്കിയില്ലല്ലോ..എന്നാ പിന്നെ എനിക്കൊപ്പം വനിതകളും സ്പീക്കര്‍ കസേരയില്‍ ഇടയ്ക്കെങ്കിലും ഇരിക്കട്ടെ…എങ്ങനുണ്ട്…’ ട്രോളുകൾ ഇങ്ങനെ നീളുന്നു.
കെ.കെ. രമ പാനലില്‍ ഉള്‍പ്പെട്ടതോടെ രാഷ്ട്രീയ എതിരാളികള്‍ ഇവരെ ‘സര്’എന്ന് സംബോധന ചെയ്യേണ്ട അവസ്ഥയുണ്ടാകും. ഇതാണ് ട്രോളന്മാര് കൈകാര്യം ചെയ്യുന്നത്.
രാഷ്ട്രീയ എതിരാളികളാൽ 51 വെട്ടേറ്റ് കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ വിധവയായ കെ.കെ. രമയ്ക്ക് പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്കളോടും കിട്ടുന്ന അവസരങ്ങളിലെല്ലാം സിപിഎമ്മിനെ വാക്കുകൾകൊണ്ടു ആക്രമിക്കുന്ന രമയോട് സിപിഎമ്മുകാർക്കുമുള്ള വിരോധം പരസ്യമാണ്.
ഇതിനിടയിലാണ് സ്പീക്കർ കസേരയില്‍ രമ ഇരിക്കാൻ പോകുന്നത്.അതേസമയം മുഖ്യമന്ത്രി ഇനി ‘സാര്‍’ എന്ന് വിളിക്കണമെന്ന രീതിയില്‍ പ്രചരിച്ച ട്രോളുകള്‍ക്ക് മറുപടിയുമായി കെ.കെ. രമ രംഗത്തെത്തി.
തന്റെ രാഷ്ട്രീയവും സഭയിലേക്കെത്തിയ സാഹചര്യവുമാകും ട്രോളുകള്‍ക്ക് കാരണമെന്നായിരുന്നു രമയുടെ മറുപടി. അതുമായി ബന്ധപ്പെട്ടുള്ള ആളുകളുടെ വികാരപ്രകടനമായാണ് അത്തരം ട്രോളുകളെ കാണുന്നത്.
എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ കാണുന്നതിനോ സംസാരിക്കുന്നതിനോ തടസങ്ങളൊന്നുമില്ല. പക്ഷേ ഇതുവരെ മുഖ്യമന്ത്രിയെ നേരിട്ട് പോയി കണ്ട് സംസാരിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും രമ വിശദീകരിച്ചു.
കെ.കെ. രമയുടെ പാർട്ടിയായ ആർഎംപി യുഡിഎഫിന്റെ ഭാഗമല്ലെങ്കിലും പ്രതിപക്ഷത്തുനിന്നു കെ.കെ.രമയുടെ പേര് നിർദേശിക്കുകയായിരുന്നു. ഇതും സിപിഎമ്മിനുള്ള ‘പണി’ ആണെന്ന രീതിയിൽ ട്രോളുകൾ പ്രചരിക്കുന്നുണ്ട്.