മഞ്ചേരി : പതിനാറുകാരിയെ ഗർഭിണിയാക്കിയെന്ന കേസിൽ മഞ്ചേരി സ്പെഷൽ സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ കോടതിയുടെ അനുമതിയോടെ ബംഗാൾ പോലീസ് ചോദ്യം ചെയ്തു.
വെസ്റ്റ് ബംഗാൾ പർഗനാസ് ജില്ല മഹേസ്തല ബോഗനോവപാറ നസീറുദീൻ ലാസ്കറി (36) നെയാണ് വെസ്റ്റ് ബംഗാൾ ദോലാഹട്ട് പോലീസ് ചോദ്യം ചെയ്തത്.
ഭാര്യ മകനെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയതോടെയാണ് നസീറുദീൻ ലാസ്കർ പതിനാറുകാരിയുമായി പ്രണയത്തിലാകുന്നത്.
നവംബർ മൂന്നിനു ബംഗാളിൽ നിന്നു ഒളിച്ചോടിയ ഇവർ നവംബർ ഏഴിനു കേരളത്തിലെത്തി.
വാഴക്കാട് നൂഞ്ഞിക്കര റോഡിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ച് കെട്ടിട നിർമാണ ജോലി ചെയ്തുവരികയായിരുന്നു പ്രതി.
ഇതിനിടെ പെണ്‍കുട്ടി ഗർഭിണിയായി. ഗർഭഛിദ്രത്തിനായി ആശുപത്രിയെ സമീപിച്ചതോടെയാണ് വിവരം പുറത്താകുന്നത്.
മലപ്പുറം ചൈൽഡ് ലൈൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 2022 ജനുവരി 22ന് വാഴക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
തൊട്ടടുത്ത ദിവസം തന്നെ അറസ്റ്റിലായ പ്രതി മഞ്ചേരി സബ് ജയിലിൽ റിമാൻഡിലാണ്.
വാഴക്കാട് പോലീസ് വിവരമറിയിച്ചതിനെ തുടർന്നാണ് പെണ്‍കുട്ടിയുടെ തിരോധാനം സംബന്ധിച്ച് കേസ് നിലനിൽക്കുന്ന ദോലാഹട്ട് പോലീസ് മഞ്ചേരിയിലെത്തി പ്രതിയെ ചോദ്യം ചെയ്യാനുള്ള അനുമതിയുമായി പോക്സോ സ്പെഷൽ കോടതിയെ സമീപിച്ചത്.
ഡിഎൻഎ പരിശോധനക്കായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി സിഎംഒ ഡോ. മുഹമ്മദലിയുടെ സഹായത്തോടെ പ്രതിയുടെ രക്ത സാന്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചതായി വാഴക്കാട് എസ്ഐ കെ. നൗഫൽ കോടതിയെ അറിയിച്ചു.