ന്യൂഡൽഹി: കോവിഡ് മഹാമാരികൊണ്ടു മാത്രം രാജ്യത്ത് 10,094 കുട്ടികൾ മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായിട്ടുണ്ടെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ സുപ്രീംകോടതിയിൽ വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങൾ ഉൾപ്പെടെ ബാല സ്വരാജ് പോർട്ടലിൽ രേഖപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള കണക്കാണിത്.
2020 ഏപ്രിൽ മുതൽ 2022 ജനുവരി 11 വരെയുള്ള കണക്കാണിത്. ഇക്കാലയളവിൽ 1,36,910 കുട്ടികൾക്ക് തങ്ങളുടെ മാതാപിതാക്കളിൽ ഒരാളെ കോവിഡ് കാരണം നഷ്ടപ്പെട്ടിട്ടുണ്ട്.
കോവിഡ് പ്രതിസന്ധിക്കിടെ ഇക്കാലയളവിൽ 448 കുട്ടികളെ കാണാതായിട്ടുണ്ട്.
വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാൻ ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാന കമ്മീഷനുകളുമായി വെർച്വൽ യോഗം നടത്തുന്നുണ്ട്.
മൂന്നാം തരംഗത്തിൽ കൂടുതൽ കരുതൽ എടുക്കണം എന്നതുൾപ്പെടെ സംസ്ഥാനങ്ങൾക്ക് കൂടുതൽ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും കമ്മീഷൻ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
സംസ്ഥാനങ്ങളിൽ പീഡിയാട്രിക്സ് വാർഡുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് ആധൂനിക ഉപകരണങ്ങൾ സജ്ജീകരിക്കുക, എൻഐസിയു, എസ്എൻസിയു എന്നിവ സജ്ജീകരിക്കുക, അവശ്യ മരുന്നുകൾ എല്ലാ ആശുപത്രികളും ഉറപ്പു വരുത്തുക എന്നിവയാണ് സംസ്ഥാനങ്ങൾക്കു നൽകിയിരിക്കുന്ന നിർദേശം.
ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികൾക്ക് കോവിഡ് വന്നിട്ടുണ്ടെങ്കിൽ അക്കാര്യവും സ്വീകരിച്ച നടപടികൾ സംബന്ധിച്ചും സംസ്ഥാനങ്ങൾ വിവരം നൽകണം.
കൂടാതെ തെരുവിൽ കഴിയുന്ന കുട്ടികളുടെ പുനരധിവാസത്തിനുള്ള നടപടികളും സ്വീകരിക്കണം.