കൊച്ചി: കോതമംഗലം നെല്ലിക്കുഴിയിൽ ഡെന്റൽ ഡോക്ടറാ യ മാനസ കൊല്ലപ്പെട്ട കേസിൽ തോക്കിന്റെ ഉറവിടം തേടി അന്വേഷണസംഘം ബിഹാറിലേക്ക്.
കൊലപാതകത്തിനായി രഖില്‍ തോക്ക് വാങ്ങിയത് ബിഹാറില്നിന്നാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് എറണാകുളം റൂറല്‍ എസ്പി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബിഹാറിലേക്ക് പോകുന്നത്.
സഹായത്തിനായി ബിഹാര്‍ പോലീസുമായി ആശയ വിനിമയം നടത്തി. രാഖിലിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ആദിത്യനുള്‍പ്പെടെ ഉള്ളവരില്നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു.
ആഴ്ചകള്‍ക്കു മുമ്പ് രഖില്‍ സുഹൃത്തിനൊപ്പം ബിഹാറിലേക്കു പോയിരുന്നുവെന്ന് സൈബര്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്. ചില സുഹൃത്തുക്കളും ഇത് സംബന്ധിച്ച് മൊഴി നല്‍കിയിട്ടുണ്ട്. ജൂലൈ 12 മുതല്‍ 20 വരെ ഇവിടെ തങ്ങിയതായാണ് വിവരം.
വ്യാപകമായി തോക്ക് നിര്‍മാണവും കടത്തുമുള്ള ബീഹാറിലെ കുഗ്രാമങ്ങളിലെത്തി പിസ്റ്റള്‍ നല്കിയ ആളെ കണ്ടെത്തുക ശ്രമകരമെന്നാണ് ബാലിസ്റ്റിക്ക് വിദഗ്ധര്‍ പറയുന്നത്.
മാത്രമല്ല പിസ്റ്റൾ തരപ്പെടുത്താന്‍ സഹായിച്ചയാള്‍ ഇതിനോടകം രഖില്‍ മരിച്ചതടക്കമുള്ളത് അറിഞ്ഞിരിക്കും. ഇക്കാര്യം ബിഹാറിലെ ഇടപാടുകാരനു കൈമാറായിട്ടുണ്ടെങ്കില് അന്വേഷണത്തിന് ഇതു തിരിച്ചടിയാകും.
7.62 എംഎം കാലിബര്‍ വിദേശനിര്‍മിത തോക്കാണ് മാനസയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചിട്ടുള്ളത്. പൊതുവേ ഈ ഇനം തോക്ക് ആരും ഉപയോഗിക്കാറില്ല.
പെട്ടെന്ന് വെടിപൊട്ടാനുള്ള സാധ്യത കൂടുതലാണെന്നതാണ് ഒഴിവാക്കാന്‍ കാരണം.