നവാസ് മേത്തർ
തലശേരി: മാഹി മേഖലയിൽനിന്ന് കോടിക്കണക്കിനു രൂപയുടെ പെട്രോളും ഡീസലും കേരളത്തിലേക്ക് ഒഴുകുന്നു.
മാഹി, പള്ളൂർ, പന്തക്കൽ എന്നിവിടങ്ങളിലെ ചില പമ്പുകളിൽ നിന്നാണ് കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിലേക്ക് വൻ നികുതി വെട്ടിപ്പിലൂടെ പെട്രോൾ, ഡീസൽ കടത്ത് നടക്കുന്നത്.
വൻ നികുതി ഇളവിലൂടെ ടാങ്കറുകളിൽ മാഹിയിലേക്ക് എത്തുന്ന സീസലും പെട്രോളും മൊത്തമായി കേരളത്തിലേക്ക് മറിച്ചു വിൽക്കുന്ന സംഘവും പ്രവർത്തിച്ചു വരുന്നുണ്ട്.
മാഹി മേഖലയിലെ പല പെട്രോൾ പമ്പുകളിലും നോ സ്റ്റോക്ക് ബോർഡ് പതിവായതോടെ രാഷ്ട്രദീപിക നടത്തിയ രഹസ്യാന്വേഷണത്തിലാണ് അന്തർ സംസ്ഥാന പെട്രോൾ-ഡീസൽ മാഫിയയുടെ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നിട്ടുള്ളത്.
പെട്രോളിന് മാഹിയിൽ കേരളത്തേക്കാൾ 13 രൂപ 33 പൈസയും ഡീസലിന് 11.94 പൈസയും കുറവായ സാഹചര്യത്തിലാണ് ഇന്ധനക്കടത്ത് നടക്കുന്നത്.
ടാങ്കർ ലോറി ഉപയോഗിച്ചാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ചില പമ്പുകൾ കേന്ദ്രീകരിച്ചാണ് എണ്ണ കടത്തുന്നത്.
ദിവസവും ഇത്തരത്തിൽ നിരവധി ടാങ്കറുകളാണ് കേരളത്തിലേക്ക് ഒഴുകുന്നത്. കാനുകളിൽ പെട്രോൾ കടത്തുന്ന ചെറുസംഘങ്ങളും ഈ മേഖലയിൽ സജീവമാണ്.
പെട്രോൾ കടത്തുന്ന സംഘത്തിന് സുരക്ഷയൊരുക്കാൻ പ്രത്യേക ഗുണ്ടാ സംഘങ്ങളും രംഗത്തുണ്ട്. മദ്യക്കടത്തിനും കോഴിക്കടത്തിനും പിന്നാലെയാണ് പെട്രോൾ മാഫിയയും ഇപ്പോൾ സജീവമായിട്ടുള്ളത്.
കടത്തുന്ന വിധം ഇങ്ങനെ
കേരളത്തിലെ മറ്റു ജില്ലകളിൽ നിന്ന് ടാങ്കർ ലോറികൾ എത്തുന്നതിന് മിനിറ്റുകൾക്ക് മുൻപ് പമ്പിലെ ലൈറ്റുകൾ അണയ്ക്കും. കൂരിരുട്ടിൽ ടാങ്കർ മെല്ലെ പമ്പിലേക്ക് പ്രവേശിച്ച് ഭൂഗർഭ ടാങ്കിന് സമീപം പാർക്ക് ചെയ്യും.
പ്രത്യേകമായി കൊണ്ടുവരുന്ന മോട്ടോർ , പൈപ്പ് എന്നിവ ഉപയോഗിച്ച് പമ്പിലെ ടാങ്കിൽ നിന്ന് എണ്ണ ടാങ്കർ ലോറിയിലേക്ക് അടിച്ച് കയറ്റും.
12000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കർ ലോറി എണ്ണ നിറഞ്ഞാൽ കുതിച്ച് പായും കേരളത്തിലേക്ക്.
പോലീസ് പരിശോധന കുറവ്
ടാങ്കർ ലോറികൾ പോലീസ് പരിശോധിക്കുന്നത് വിരളമായതിനാൽ കടത്തുകാർക്ക് സുഗമമായി എണ്ണ കൊണ്ടു പോകാം. ഈ അവസരം കൂടി മുതലെടുത്താണ് കോടികളുടെ നികുതി വെട്ടിപ്പ്.
ഡിപ്പോകളിൽ നിന്ന് എണ്ണ കയറ്റി കൊണ്ടു പോകുന്ന ടാങ്കർ എന്ന നിലയിലാണ് ടാങ്കർ കടന്ന് പോവുക. ഡീസലാണ് കൂടുതലായും കടത്തുന്നത്. 12,000 ലിറ്റർ മറിച്ച് വിറ്റാൽ ലക്ഷങ്ങളാണ് കൊയ്യുന്നത്.