തോപ്പുംപടി: പള്ളുരുത്തിയിൽ വ്യാപകമായി കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി. രാത്രിയിൽ കക്കൂസ് മാലിന്യവുമായി എത്തി റോഡരികിൽ തള്ളുന്ന ടാങ്കർ ലോറികൾ നാട്ടുകാർക്ക് തലവേദനയാവുകയാണ്.കക്കൂസ് മാലിന്യം തള്ളുന്നവരെ കൈയ്യിൽ കിട്ടിയാൽ കൈകാര്യം ചെയ്യുമെന്ന് മുന്നറിയിപ്പ് ബോർഡുകൾ പലയിടത്തായി സ്ഥാപിച്ച് കാത്തിരിക്കുകയാണ് നാട്ടുകാർ.
പള്ളുരുത്തി കച്ചേരിപ്പടിയിലെ കാനയിൽ ഈ ആഴ്ച മാത്രം മൂന്നോളം തവണയാണ് മാലിന്യം തള്ളിയത്. റോഡിന് സമീപത്തായതിനാൽ നാട്ടുകാർക്ക് വഴിനടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്.രാത്രികാലങ്ങളിലാണ് മാലിന്യവുമായി ടാങ്കർ വണ്ടികളെത്തുന്നത്. മാലിന്യവണ്ടികളെത്തുന്നതിന് മുന്പായി ബൈക്കിൽ ചിലരെത്തി സ്ഥലത്ത് ആരുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വണ്ടിയിലെ മാലിന്യം നിക്ഷേപിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
കൊച്ചിയിലടക്കം ഉപയോഗിക്കുന്ന ടാങ്കറുകളുടെ വാൽവ് ഇടത് വശത്താണ്. എട്ട് ഇഞ്ച് വലിപ്പമുള്ള പൈപ്പും വാൽവുമാണു ടാങ്കറുകളിൽ ഘടിപ്പിച്ചിരിക്കുന്നതിനാൽ വഴിവക്കിലും പുഴയോരത്തുമെല്ലാം മാലിന്യം തള്ളാൻ ഏതാനും മിനിട്ടുകൾ മാത്രം മതിയാകും.പള്ളുരുത്തി പ്രദേശത്തെ കച്ചേരിപ്പടി,കോണം, വാട്ടർലാന്റ് റോഡ്, കളത്തറ കരി, തോപ്പുംപടി സാന്തോം കോളനി, ഇടക്കൊച്ചി സിയന്ന കോളേജ് പരിസരം എന്നിവിടങ്ങളാണ് മാലിന്യം നിക്ഷേപിക്കുന്നവരുടെ സ്ഥിരം താവളമായി മാറിയിരിക്കുന്നത്.
പശ്ചിമകൊച്ചിയിൽ എത്ര മാലിന്യ ടാങ്കർ ലോറികളുണ്ടെന്നാണ് അധികൃതർക്ക് കൃത്യമായ കണക്കുകളില്ലാത്തതും,നഗരസഭ ബ്രഹ്മപുരത്ത് നിർമിച്ച സെപ്റ്റേറ്റേജ് ട്രീറ്റ്ൽമെൻറ് പ്ലാന്റിൽ പ്രതിദിനം 10 ലോഡ് മാലിന്യം മാത്രമേ സംസ്കരിക്കാനാവുകയുള്ളു എന്നതിനാൽ ബാക്കി വരുന്ന നൂറിലേറെ ലോഡ് കക്കൂസ് മാലിന്യങ്ങൾ വഴിയിൽ തള്ളുകയാണ്.