രാജാക്കാട്: മാരക ലഹരി വസ്തുവായ എംഡിഎംഎയുമായി മുന്ന് യുവാക്കളെ രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
എംഡിഎംഎ കൈവശം സൂക്ഷിച്ച രണ്ടു യുവാക്കളെയും ഇത് എത്തിച്ചു നൽകിയയാളുമാണ് പിടിയിലായത്.
രാജാക്കാട് സിഐ പങ്കജാക്ഷനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കളുമായി പ്രതികളെ പിടികൂടിയത്.
രാജാക്കാട് പൊ·ുടി ചേലച്ചുവട് താന്നിക്കമറ്റത്തിൽ ടോണി ടോമി (22 ) രാജാക്കാട് ചെരിപുറം ശോഭനാലയത്തിൽ ആനന്ദ് സുനിൽ (22) കനകപുഴ കച്ചിറയിൽ ആൽബിൻ ബേബി (24) എന്നിവരെയാണ് പിടികൂടിയത്. ആനന്ദ്, ടോണി എന്നിവരുടെ കയ്യിൽനിന്നും 20 മില്ലിഗ്രാം വീതം എംഡിഎംഎ പിടിച്ചെടുത്തു.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവർക്ക് എംഡിഎംഎ എത്തിച്ചു നൽകിയത് ആൽബിൻ ആണെന്ന വിവരം ലഭിച്ചത്.
തുടർന്നാണ് ഇയാളെയും കസ്റ്റഡിയിലെടുത്തത്. ഇടുക്കി ജില്ലയിലേക്ക് ഇത്തരം മാരക ലഹരി വസ്തുക്കൾ എത്തുന്നതിനെ സംബന്ധിച്ചുള്ള വിശദമായ അന്വേഷണവും പോലീസ് നടത്തിവരികയാണ്.
എംഡിഎംഎയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഉൗർജിതമാക്കി.
എസ്ഐമാരായ അനൂപ്, ജോണി, പോലീസ് ഉദ്യോഗസ്ഥരായ ജയചന്ദ്രൻപിള്ള, ജിബിൻ, ദീപക്, ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.