മംഗലം ശങ്കരൻകുട്ടി
ഷൊർണൂർ: പാലക്കാടൻ അതിർത്തി ഗ്രാമത്തിലെ പൈതൃകക്കാഴ്ച്ചയായ കട്ടിൽമാടം അരക്ഷിതാവസ്ഥയിൽ.
പട്ടാന്പി താലൂക്കിൽ കൂറ്റനാടിന് മുൻപ് റോഡരികിൽ ആരാലോ ഉപേക്ഷിക്കപ്പെട്ടതുപോലെ കഴിയുന്ന കരിങ്കൽ ശിലാനിർമിതിയായ കട്ടിൽമാടത്തിന് സംരക്ഷണമൊരുക്കാത്തതാണ് അരക്ഷിതാവസ്ഥക്ക് കാരണം.
ആയിരത്തിലധികം വർഷം പഴക്കമുള്ളതായി പറയുന്ന കട്ടിൽമാടം ആരെയും അതിശയിപ്പിക്കുന്ന ഒന്നാണ്.
കഴിഞ്ഞു പോയ കാലഘട്ടത്തിലും ഈ രീതിയിൽ മനോഹരമായ നിർമ്മാണശൈലി കേരളത്തിലും നിലനിന്നിരുന്നുവെന്നത് അഭിമാനകരവും കൂടിയാണ്.
കൊത്തുപണിയുടെ കരവിരുതും കലാബോധത്തിന്റെ അച്ചടക്കവും കൈമുതലായുണ്ടായിരുന്ന കലാകാരൻമാർ അന്നും ഇവിടെയുണ്ടായിരുന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് കട്ടിൽ മാടം.
ആ കാലഘട്ടത്തെയും അന്നത്തെ പ്രഗത്ഭരായ മനുഷ്യരെയും അടയാളപ്പെടുത്താൻ കഴിയുന്ന വിരളമായ കാലത്തിന്റ കയ്യൊപ്പുകളിൽ ഒന്നാണിത്.
പഴക്കമേറുന്നതിനൊപ്പം മൂല്യത്തിന് വിലയിടാൻ കഴിയാതാവുന്നതാണ് ഓരോ ചരിത്രകൗതുകവും നിർമിതിയും.
സംരക്ഷണത്തിലേക്കുള്ള കട്ടിൽമാടത്തിന്റെ സമയദൈർഘ്യത്തിന് കുറവ് വരുമെങ്കിൽ വരും കാലത്തോട് ഇന്നോളം ഈ നാട് നടന്നുനീങ്ങിയ ഒരു വലിയ കാലത്തിന്റെ നാൾവഴികൾ അടിയുറച്ച യാഥാർഥ്യങ്ങളോടെ കഥകളായി കട്ടിൽമാടത്തിന് വിളിച്ചുപറയാനാകുമെന്നുറപ്പ്.
ഇന്നത്തെ ചുറ്റുമുള്ള മനുഷ്യനിർമിതമായവയ്ക്കെല്ലാം കാണുന്ന പഴക്കം നൂറോ ഇരുന്നൂറോ വർഷങ്ങളായിരിക്കുമെന്നുറപ്പ്.
ആയിരത്തിനടുത്തോ അതിലേറെയോ വർഷങ്ങൾക്ക് മുൻപ് ഇവിടെ സ്ഥാപിക്കപ്പെട്ട കട്ടിൽമാടം പറയുന്നത് പോയ കാലഘട്ടത്തിന്റെ ചരിത്രമാണ്. ഒൻപതാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും ഇടയ്ക്കാണ് കട്ടിൽമാടത്തിന്റെ നിർമാണം ഉണ്ടായിട്ടുള്ളതന്നാണ് പറയപ്പെടുന്നത്.
കട്ടിൽ എന്ന പദം ബുദ്ധജൈന സംസ്കാരവുമായി ബന്ധപ്പെട്ടതാണ്. കട്ടിൽ എന്നാൽ നാലു ഭാഗങ്ങളോട് കൂടിയ അഥവാ കാലുകളോട് കൂടിയ പരന്ന വസ്തുവെന്നും മാടം എന്നാൽ ഉയരത്തിലുള്ളത് (ഗോപുരം) എന്നുമാണ്.
പൂർണമായും കരിങ്കല്ലിൽ തീർത്ത കട്ടിൽമാടം ഒരു കാലത്ത് ജൈനക്ഷേത്രമായിരുന്നു എന്നും പറയുന്നുണ്ട്. പാണ്ഡ്യചോള രാജവംശത്തിന്റെ നിർമാണശൈലിയുമായി വളരെയധികം സാമ്യം കട്ടിൽമാടത്തിനുണ്ടന്നാണ് ചരിത്രകാരൻമാർ പറയുന്നത്.
പറയിപെറ്റ പന്തിരുകുലത്തിന്റെ ആയിരത്തിലേറെ വർഷം പഴക്കമുള്ള കഥകൾ പാറിനടക്കുന്ന നാടായ തൃത്താലയ്ക്കടുത്തുതന്നെ സ്ഥിതി ചെയ്യുന്ന കട്ടിൽമാടം ഉൾപ്പെടുന്ന പ്രദേശം ഭാരതപ്പുഴയുടെ തീരം കൂടിയാണ്.
1233ലെ ഒരു കന്നഡ ലിഖിതത്തിലെ ഏതാനും പരാമർശങ്ങളെ കട്ടിൽമാടവുമായി ചരിത്രകാര·ാർ ബന്ധപ്പെടുത്തുന്നുണ്ട്. പട്ടാന്പിക്കടുത്ത് പള്ളിപ്പുറം കുളമുക്ക് എന്ന പ്രദേശം ദക്ഷിണേന്ത്യയിലെ പ്രധാന വാണിജ്യപട്ടണമായിരുന്നു.
ജൈനബുദ്ധമതക്കാരുടെ സാന്നിധ്യം കേരളത്തിൽ സജീവമായിരുന്ന അക്കാലത്ത് അറബിക്കടൽ വഴി വന്ന് കേരളത്തിന്റെ തെക്കു ഭാഗത്തുനിന്നും ഭാരതപ്പുഴയിലൂടെ സജീവമായ ചരക്കുനീക്കം വാണിജ്യവുമായി ബന്ധപ്പെട്ട് ഇവിടങ്ങളിലൂടെ ഉണ്ടായിരുന്നുവെന്നാണ് ചരിത്ര മതം.
ഇന്നത്തെ പൊന്നാനി പാലക്കാട് പാത അന്നും ഒരു വ്യാപാര ഇടനാഴിയായി നിലനിന്നിരുന്നു. ഇന്ത്യയുടെ തന്നെ നാനാഭാഗത്തുനിന്നും വ്യത്യസ്ത സംസ്കാരങ്ങളുമായി ബന്ധപ്പെട്ട മനുഷ്യർ ഈ തീരങ്ങളിലൂടെ സഞ്ചരിച്ചിരുന്നുവെന്നും പറയപ്പെടുന്നു.
അന്ന് ഏതൊക്കെയോ കരവിരുതുകൾ കൈമുതലായുണ്ടായിരുന്നവർ നിർമിച്ചതാണ് ഈ കട്ടിൽമാടമെന്നാണ് പറയപ്പെടുന്നത്. ഇതിനെ ജൈനക്ഷേത്രമായി ഉപയോഗിച്ചു പോന്നിരുന്നുവെന്നും പറയുന്നുണ്ട്.
പട്ടാന്പിയിലെ പ്രശസ്തമായ തളിക്ഷേത്രത്തിന്റെ നിർമ്മാണകലയുമായി വളരെയധികം സാമ്യം കട്ടിൽമാടത്തിനുണ്ട്. ആ ക്ഷേത്രത്തിന്റെ ഗോപുര ആവശ്യത്തിന് വേണ്ടി നിർമ്മിച്ചതായിരിക്കണം ഇതെന്നും അഭിപ്രായമുണ്ട്.
വസ്തുതകൾ ശരിയാണെങ്കിൽ കട്ടിൽമാടം പോലുള്ള പല നിർമിതികളും ജൈനബുദ്ധഹൈന്ദവ സംസ്കാരങ്ങളുടെ സമന്വയമാണെന്ന് ഉറപ്പിക്കാവുന്നതാണ്.
ഇന്ന് വേറിട്ട് നിൽക്കുന്ന പലതും മുൻകാലങ്ങളിൽ ഒന്നായിരുന്നെന്ന് ചരിത്രകാര·ാർ പറയുന്നത് പോലെയാണിത്.
കട്ടിൽമാടത്തിന്റെ പരിസരപ്രദേശങ്ങളിൽ പലരാലും പറഞ്ഞുകേൾക്കാവുന്ന അതിശയോക്തി നിറഞ്ഞ ഒരു കഥയുമുണ്ട്. ഒരൊറ്റ രാത്രി കൊണ്ട് ചെകുത്താന്മാരാണ് ഇത് നിർമ്മിച്ചത് എന്ന്.
എന്നാൽ പണിക്കിടയിൽ പാതിരാത്രി കോഴി കൂവിയപ്പോൾ നേരം വെളുത്തെന്ന് കരുതി പണി പൂർത്തിയാക്കാതെ ചെകുത്താന്മാർ പോയി എന്നുമാണ് കഥ.
ഇത്രയും വർഷങ്ങൾക്കു മുൻപ് ടെക്നോളജിയുടെ നിലവിലെ സാധ്യതകൾ ഒന്നുമില്ലാതിരുന്ന ഒരു കാലത്തും ഈ രീതിയിലുള്ള നിർമ്മാണശൈലികൾക്ക് പ്രാപ്തരായിരുന്നവർ ജീവിച്ചിരുന്നുവെന്നതാണ് ഏറെ കൗതുകകരം.
മണ്മറഞ്ഞുപോയ കാലമെന്ന് വിശേഷിപ്പിക്കുന്ന നൂറ്റാണ്ടുകളുടെ പിറകിലെ ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന ഇത്തരം കാഴ്ചകൾ ഇനിയുമെത്രയോ പലയിടങ്ങളിലായി നിലനിൽക്കുന്നുണ്ട്. അതേ സമയം ശരിയായ സംരക്ഷണമില്ലാത്തതാണ് ഈ ചരിത്ര സ്മാരകം നേരിടുന്ന പ്രധാന വെല്ലുവിളി.